കുട്ടിക്കളിയുടെ പകൽക്കൂടായി 
12 ക്രഷുകൾ

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സജ്ജമാക്കിയ കുട്ടികൾക്കായുള്ള ക്രഷ്


കോഴിക്കോട്‌ പകൽ സമയങ്ങളിൽ കുട്ടികളെ പരിചരിക്കാനാളും ഇടവും ഇല്ലാത്തതിനാൽ ജോലിക്ക്‌ പോകാനാകാതെ അച്ഛനമ്മമാർ ബുദ്ധിമുട്ടേണ്ടതില്ല. സ്‌നേഹ പരിചരണവുമായി കുഞ്ഞുങ്ങൾക്ക്‌ കളിചിരിയുടെ വർണപ്പകലൊരുക്കുന്ന ക്രഷുകളൊരുങ്ങി. കഴിഞ്ഞ ആറ്‌ മാസത്തിനുള്ളിൽ വനിതാ ശിശു വികസന വകുപ്പ്‌ മൂന്നെണ്ണം കൂടി സജ്ജമാക്കിയതോടെ സർക്കാർ തലത്തിൽ ജില്ലയിലെ ക്രഷുകൾ 12 ആയി. കുന്നമംഗലം സിഡബ്ല്യുആർഡിഎമ്മിൽ കഴിഞ്ഞ ദിവസമാണ്‌ 12ാമത്തെ ക്രഷ്‌ ഉദ്‌ഘാടനംചെയ്‌തത്‌. അതത്‌ സ്ഥാപനത്തിലെ ജീവനക്കാരുടെ കുട്ടികൾക്ക്‌ പുറമെ സമീപ പ്രദേശങ്ങളിലെ കുട്ടികളെയും ഇവിടങ്ങളിൽ ചേർക്കാം. തൊഴിലിടങ്ങളിൽ ശിശുപരിപാലന കേന്ദ്രം പദ്ധതിയുടെ ഭാഗമായാണ്‌ ഈ സാമ്പത്തിക വർഷം മൂന്ന്‌ ക്രഷുകൾ തുടങ്ങിയത്‌.  കോഴിക്കോട്‌ സിവിൽ സ്‌റ്റേഷൻ, ഭവന നിർമാണ ബോർഡിന്റെ ചേവായൂർ ഹൗസിങ്‌ കോളനിയിലെ വർക്കിങ്‌ വുമൺസ്‌ ഹോസ്‌റ്റൽ എന്നിവയിലാണ്‌ മറ്റ്‌ ക്രഷുകൾ. മൂന്നിലുമായി മുപ്പതോളം കുട്ടികളുണ്ട്‌. ഓരോ കേന്ദ്രത്തിനും രണ്ട്‌ ലക്ഷം രൂപ വീതമാണ്‌ നൽകിയത്‌.  കളി ഉപകരണങ്ങൾ, ഗ്യാസ്‌ സ്‌റ്റൗ, ഫ്രിഡ്‌ജ്‌, വാഷിങ്‌ മെഷീൻ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്‌. രാവിലെ 9.30 മുതൽ വൈകിട്ട്‌ 5.30 വരെയാണ്‌ പ്രവർത്തന സമയം. ഒരു വർക്കറും ഹെൽപ്പറുമുണ്ടാകും. കുട്ടികൾക്ക്‌ അധികം വൈകാതെ ഭക്ഷണവും നൽകും. സൗജന്യമാണ്‌ സേവനം.  അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ്‌ ക്രഷുകൾ തുടങ്ങിയത്‌. ഇതിന്‌ പുറമെ വിവിധ എൻജിഒകൾ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സഹായത്തിൽ വെള്ളിമാട്‌കുന്ന്‌, കുന്നുമ്മൽ, ഫറോക്ക്‌ എന്നിവിടങ്ങളി നടത്തുന്ന മൂന്ന്‌ ക്രഷുകളുണ്ട്‌. നഗരത്തിൽ കോർപറേഷന്റെ പഴയ കെട്ടിടത്തിലും മുക്കം, കൊടുവള്ളി, പേരാമ്പ്ര (രണ്ട്‌), ചെറുവണ്ണൂർ എന്നിവിടങ്ങളിലായി ശിശുക്ഷേമ സമിതി നടത്തുന്ന ആറ്‌ ക്രഷുകളുമുണ്ട്‌. ഇവയിൽ നിലവിൽ ഭക്ഷണം നൽകുന്നുണ്ട്‌. Read on deshabhimani.com

Related News