പന്തുതട്ടാൻ മലയാളി കുട്ടികൾ ഇറ്റലിയിലേക്ക്‌

ഇറ്റലിയിലേക്ക്‌ പുറപ്പെടുന്ന എ സി മിലാൻ അക്കാദമി കുട്ടികൾ


കോഴിക്കോട്‌ പ്രൊഫഷണൽ ഫുട്‌ബോളിന്റെ കളിമുറ്റത്ത്‌ പന്തുതട്ടാൻ മലയാളി കുട്ടികൾ. എ സി മിലാൻ അക്കാദമി കേരളയിൽ പരിശീലനം തേടുന്ന 15 പേർക്കാണ്‌ ഇറ്റലിയിൽ നടക്കുന്ന ടോർനെയോ ഡെലഡൊപേസ്‌ അണ്ടർ 13  ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കാൻ അവസരം. ഏപ്രിൽ 7, 8, 9 തീയതികളിൽ നടക്കുന്ന ടൂർണമെന്റിനായി നാലിന്‌ സംഘം യാത്രതിരിക്കും.  ചരിത്രത്തിലാദ്യമായാണ്‌ ഇന്ത്യയിലെ കുട്ടികളുടെ  ടീം ഇറ്റലിയിൽ കളിക്കാനിറങ്ങുന്നതെന്ന്‌ എ സി മിലാൻ അക്കാദമി മുഖ്യ പരിശീലകൻ  ആൽബർട്ടോ ലാക്കണ്ടേല പറഞ്ഞു. 30 രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ പങ്കെടുക്കും. ജർമനി, നെതർലൻഡ്‌സ്‌, ഓസ്‌ട്രിയ, ഡെന്മാർക്ക്‌ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകളുള്ള ഗ്രൂപ്പിലാണ്‌ എ സി മിലാൻ അക്കാദമി കളിക്കുക.  കഴിഞ്ഞ മാർച്ചിലാണ്‌ എ സി മിലാൻ  അക്കാദമി കോഴിക്കോട്‌, മലപ്പുറം ജില്ലകളിൽ  പരിശീലന ക്യാമ്പ്‌ തുടങ്ങിയത്‌. കോഴിക്കോട്‌ ബീച്ച്‌, മൂഴിക്കൽ, ഓമശേരി, ചെറുവണ്ണൂർ എന്നിവിടങ്ങളിലും മലപ്പുറത്ത്‌ എടപ്പാൾ, തിരൂർ എന്നിവിടങ്ങളിലുമാണ്‌ ക്യാമ്പ്‌.  എല്ലാവരും മലയാളികൾ. ലക്ഷദ്വീപിൽനിന്നുള്ള ഒരു കുട്ടിയുണ്ട്‌.   മുഹമ്മദ്‌ സിനാൻ, റയാൻ സുബൈർ, ആൽവിൻ പോൾ, മുഹമ്മദ്‌ അയ്‌മൻ, സിദ്ധാർഥ്‌ ജീവൻ, ആഷിർ മണിക്‌ഫാൻ, നിവിൻ ടി നൈനാൻ, ആഗ്നേയ്‌ ചുങ്കത്ത്‌, കെ എം ദീക്ഷിത്‌, മെഹസ്‌ മാവൂർ, പി കെ ഡാനിഷ്‌, ദേവാംഗ്‌ കൊളപ്പാടൻ, വി പി മുഹമ്മദ്‌ ഷസിൽ, സി അൻഫൽ, ഒമർ ജസ്‌ലാൻ എന്നിവരാണ്‌ ടീമിൽ. പ്രധാന പരിശീലകനായ ആൽബർട്ടോയും സഹപരിശീലകനായ മുക്കം സ്വദേശി ഷെബിൻ മുഹമ്മദും ടീമിനൊപ്പമുണ്ടാകും.   ഏപ്രിൽ അഞ്ചിന്‌ ചെന്നൈയിൽനിന്ന്‌ വിമാനമാർഗമാണ്‌ സംഘം പുറപ്പെടുക.  ഇറ്റലിയിൽ നടക്കുന്ന ചാമ്പ്യൻസ്‌ ലീഗ്‌ മത്സരത്തിലെ എ സി മിലാനും നാപ്പോളിയും തമ്മിലുള്ള ക്വാർട്ടർ മത്സരം കാണാൻ അവസരമുണ്ട്‌. കൂടാതെ  എ സി മിലാന്റെ ആസ്ഥാനവും  മ്യൂസിയവും സന്ദർശിക്കും. ഇന്ത്യൻ കോൺസുലേറ്റിൽ  സ്വീകരണവും ഒരുക്കിയിട്ടുണ്ട്‌.  വാർത്താസമ്മേളനത്തിൽ ആൽബർട്ടോ ലാക്കണ്ടേല, ഡയറക്ടർമാരായ നാസർ മണക്കടവ്‌, സുഹൈൽ ഗഫൂർ, മിലൻ ബൈജു, എം പി  ജസീൽ ഗഫൂർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News