തിരുവമ്പാടിയിൽ ഓപ്പറേഷൻ വിബ്രിയോക്ക് തുടക്കമായി



 തിരുവമ്പാടി ജലജന്യരോഗങ്ങൾ തടയുന്നതിനുള്ള കർമപദ്ധതിയായ "ഓപ്പറേഷൻ വിബ്രിയോ’ പരിപാടിക്ക് തിരുവമ്പാടി പഞ്ചായത്തിൽ തുടക്കമായി. ഇതിന്റെ ഭാഗമായി എഫ്എച്ച്സി ഹാളിൽ ആരോഗ്യ പ്രവർത്തകർക്കും ആശാവർക്കർമാർക്കും പഞ്ചായത്ത്തല പരിശീലനം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എ അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം കെ എം മുഹമ്മദലി അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. കെ നിഖില പദ്ധതി വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ കർമപരിപാടി അവതരിപ്പിച്ചു. രണ്ടാഴ്ച നീളുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങളാണ് കർമപരിപാടിയിൽ അവതരിപ്പിച്ചത്. കിണർ ശുചീകരണം, ഒആർഎസ് വിതരണം, പനി സർവേ, ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന, ബോധവൽക്കരണ ക്ലാസുകൾ, നോട്ടീസ് വിതരണം, കൊതുകിന്റെ കൂത്താടി നശീകരണം, എലിപ്പനി പ്രതിരോധ ഗുളിക വിതരണം എന്നീ പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്നത്. ആഘോഷങ്ങൾ, ഉത്സവങ്ങൾ, വിവാഹങ്ങൾ തുടങ്ങി ഭക്ഷണം വിതരണംചെയ്യുന്ന എല്ലാ പൊതുപരിപാടികളും ആരോഗ്യ വകുപ്പിനെ മുൻകൂട്ടി അറിയിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ജെപിഎച്ച്എൻമാരായ വി എം മിനി, എം ജി വിജിമോൾ, പി ഹരിത, ജെഎച്ച്ഐമാരായ കെ ഗിരീഷ് കുമാർ, പി രജിത്ത്, പി കെ ജലീൽ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വംനൽകി. Read on deshabhimani.com

Related News