സിപിഐ എം പ്രവർത്തകരെ യൂത്ത്‌ ലീഗുകാർ ആക്രമിച്ചു



നാദാപുരം തെരുവം പറമ്പിൽ സിപിഐ എം പ്രവർത്തകരെ മുസ്ലിം യൂത്ത് ലീഗുകാർ ആക്രമിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. സിപിഐ എം വിഷ്ണുമംഗലം ബ്രാഞ്ച് അംഗവും തെരുവംപറമ്പിലെ ബേക്കറി വ്യാപാരിയുമായ താനമഠത്തിൽ രതിൻ കുമാർ (34), പന്നിക്കുഴിച്ചാൽ വിഷ്ണു (26), താഴെ കുന്നിയുള്ളതിൽ ഷിനോജ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.  വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിഷ്ണുവിനെ മരപ്പട്ടികയും മാരകായുധങ്ങളുമായി യൂത്ത് ലീഗുകാർ മർദിക്കുകയായിരുന്നു.  തടയാൻ എത്തിയ രതിൻ കുമാറിനെയും മർദിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഷിനോജിനെ ബൈക്ക് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.  അക്രമത്തിൽ പ്രതിഷേധിച്ച് സിപിഐ എം തെരുവംപറമ്പിൽ ഹർത്താൽ ആചരിച്ചു.  വ്യാഴാഴ്‌ച വൈകിട്ട് കോളേജിലെ എംഎസ്എഫ് പ്രവർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ എം പ്രവർത്തകരെ ആക്രമിച്ചത്‌.  സംഘർഷം കോളേജ് ക്യാമ്പസിന് പുറത്താണെന്നും മറ്റ്‌ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. നുണപ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും സിപിഐ എം കല്ലാച്ചി ലോക്കൽ കമ്മിറ്റി പ്രസ്‌താവനയിൽ വ്യക്തമാക്കി.  സമാധാന ശ്രമങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്ന് നാദാപുരം പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ സിപിഐ എം അറിയിച്ചു. Read on deshabhimani.com

Related News