ആശ്രയ പദ്ധതി: അതിദരിദ്രരില്‍ അനര്‍ഹര്‍ ഉള്‍പ്പെടരുതെന്ന് കലക്ടര്‍



കോഴിക്കോട്‌ അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ആശ്രയ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുമ്പോൾ അനർഹർ ഉൾപ്പെടരുതെന്ന്‌ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലാ ആശ്രയ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരിങ്ങൽ സർഗാലയ രവിവർമ ഹാളിൽ നടന്ന തദ്ദേശ അധ്യക്ഷന്മാരുടെ പരിശീലനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.    ആശ്രയ പദ്ധതിയുടെ പരിധിയിൽ വരേണ്ടതും എന്നാൽ വിട്ടുപോയതുമായ അതിദരിദ്രരെ കണ്ടെത്തി അവർക്ക് അതിദരിദ്രാവസ്ഥയിൽനിന്ന്‌ രക്ഷനേടാനുള്ള സഹായങ്ങളും പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഡിസംബർ 31നകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതിദരിദ്രരുടെ പട്ടിക തയ്യാറാക്കുന്നതിന്റെ മുന്നൊരുക്കമായാണ് ജില്ലയിലെ മുൻസിപ്പൽ ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർക്ക്  പരിശീലനം നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ജില്ലാ ഫെസിലിറ്റേറ്റർ പി ജി പ്രമോദ് കുമാർ, പി കെ ബാലകൃഷ്ണൻ, കെ കെ രഘുനാഥ്, സി എം സുധ, മനോജൻ കൊയപ്ര, ടി ടി അശോകൻ, പിഎയു പ്രോജക്ട് ഡയറക്ടർ സിജു തോമസ് തുടങ്ങിയവർ  ക്ലാസെടുത്തു. Read on deshabhimani.com

Related News