ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ തുടങ്ങി

ഹയർസെക്കൻഡറി തുല്യത പരീക്ഷയെഴുതി പുറത്തേക്കുവരുന്ന 
രജനിയും ഭർത്താവ്‌ സഹദേവനും


സ്വന്തം ലേഖിക കോഴിക്കോട്‌  ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ആരംഭിച്ചു. ജില്ലയിൽ 14 കേന്ദ്രങ്ങളിലായി 2060 പേർ പരീക്ഷ എഴുതി. ഇതിൽ 1345 പേർ വനിതകളാണ്‌. ഒന്നാംവർഷത്തിൽ 1021 പേരും രണ്ടാം വർഷത്തിൽ 1021 പഠിതാക്കളുമാണുണ്ടായിരുന്നത്‌. ആറുദിവസങ്ങളായുള്ള പരീക്ഷ ശനിയാഴ്‌ച അവസാനിക്കും. പട്ടികജാതി–- വർഗത്തിൽപെട്ട 225 പേരും ഭിന്നശേഷിക്കാരായ 23 പേരും പരീക്ഷ എഴുതാനെത്തി.  നടക്കാവ്‌ പഠനകേന്ദ്രത്തിൽനിന്നാണ്‌ കൂടുതൽപേരുണ്ടായിരുന്നത്‌.  കോവിഡ്‌ പോസിറ്റീവായ ഒമ്പതുപേരും എത്തിയിരുന്നു.  കോവിഡ്‌ കാലമായതിനാലും പഠിതാക്കൾക്ക്‌ ഓൺലൈൻ ക്ലാസ്‌ മാത്രമായതിനാലും 160 മാർക്കിന്റെ ചോദ്യങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ഇതിൽ 80 മാർക്കിന്റെ ഉത്തരങ്ങൾ എഴുതിയാൽ മതിയായിരുന്നു.  കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ എല്ലാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തിയത്‌. രോഗമുള്ളവർക്കും നീരീക്ഷണത്തിലുള്ളവർക്കും പരീക്ഷ എഴുതാനായി  പ്രത്യേക സംവിധാനം ഒരുക്കിയിരുന്നതായി സാക്ഷരതാ മിഷൻ ജില്ലാ കോ–- ഓർഡിനേറ്റർ പി പ്രശാന്ത്‌ കുമാർ പറഞ്ഞു.  ഇവിടെ പഠനം കുടുംബകാര്യം കോഴിക്കോട്‌  ബാലുശേരി പഴങ്ങാടത്ത്‌ വീട്ടിൽ രജനിയും ഭർത്താവ്‌  സഹദേവനും പഠനം കുടുംബകാര്യമാണ്‌. വിദ്യാർഥികളായ മൂന്ന്‌ മക്കൾക്കൊപ്പം അവർ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ജീവിത പ്രാരബ്‌ധങ്ങൾക്കിടയിൽ മുടങ്ങിപ്പോയ അറിവ്‌ തിരിച്ചുപിടിക്കുകയാണ്‌ അവരിപ്പോൾ.  ഹയർസെക്കൻഡറി തുല്യത  പരീക്ഷ എഴുതാൻ ഭാര്യയും ഭർത്താവും ഒരുമിച്ചാണ്‌ കോക്കല്ലൂർ ഗവ. എച്ച്എസ്‌എസ്‌ പഠനകേന്ദ്രത്തിലെത്തിയത്‌.  45കാരിയായ രജനി തൊഴിലുറപ്പ്‌ പണിക്ക്‌ പോകുകയാണ്‌. 53 വയസ്സുള്ള  സഹദേവന്‌ ആശാരിപ്പണിയാണ്‌. ഇതിനിടയിൽ ഓൺലൈനായാണ്‌ ഇവരുടെ പഠനം. സംശയങ്ങൾ തീർക്കാൻ മക്കളും സഹായിക്കും.  പ്രീഡിഗ്രിക്ക്‌ കൊമേഴ്‌സ്‌ ഗ്രൂപ്പ്‌ എടുത്തായിരുന്നു പഠനം. എന്നാൽ സാഹചര്യങ്ങൾ ഇരുവരുടെയും പഠനം പാതിവഴിയിലാക്കി. മികച്ച വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹം മനസ്സിലൊതുക്കി. പിന്നീട്‌ മക്കളുടെ പഠനം കണ്ടാണ്‌ വീണ്ടും  ഒരുകൈ നോക്കാൻ ഇവർ രംഗത്തിറങ്ങുന്നത്‌.  അധ്യാപിക ബബിതയുടെ സഹായത്തോടെ തുല്യത പഠനത്തിന്‌ ചേരുകയായിരുന്നു. അടുത്തത്‌ ഡിഗ്രിയാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. Read on deshabhimani.com

Related News