കടലുണ്ടിയിൽ വരുന്നൂ ‘ഹരിത തെരുവ്‌’



  ഫറോക്ക്  കടലുണ്ടിയെ ലോകമറിയാൻ വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയിൽ ആദ്യമൊരുങ്ങുന്നത് "ഗ്രീൻ സ്ട്രീറ്റ്’. നാട്‌ ഹരിതാഭമാക്കി ഉദ്യാനങ്ങളും ഉല്ലാസ കേന്ദ്രങ്ങളും ഒരുക്കുന്നതാണ്‌ പദ്ധതി. വനിതാ കൂട്ടായ്മകളുടെ പൂകൃഷി സംഘങ്ങളെ ഉൾപ്പെടുത്തി ഫ്ലവർ വില്ലേജ് (പൂ ഗ്രാമം) പദ്ധതിയും വിപുലപ്പെടുത്തി ഇതിന്റെ ഭാഗമാക്കും.  കടലുണ്ടിയുടെ അതിർത്തി പ്രദേശമായ കല്ലമ്പാറ പാലം മുതൽ റെയിൽവേ സ്റ്റേഷൻവരെ വഴിയോരങ്ങളിലും പൊതു ഇടങ്ങളിലും പ്രധാന കവലകളിലും പൂന്തോട്ടങ്ങൾ ഒരുങ്ങും. വഴിയോരങ്ങളിൽ ഹരിത കവാടങ്ങളും പൂക്കൾ നിറഞ്ഞ വേലികളും മതിലുകളും മുളങ്കാടുകളും ഒരുക്കും. തെരുവൊരുക്കാൻ പഞ്ചായത്ത് ഭരണസമിതി സഹകരണത്തോടെ 7000 വീടുകളെയും കണ്ണികളാക്കും. റസിഡന്റ്‌സ്‌ അസോസിയേഷനുകൾ, സാമൂഹ്യ–-സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരെയും പങ്കാളികളാക്കും. ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിലാണ് കടലുണ്ടി പഞ്ചായത്തിൽ സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. പ്രദേശത്തിന്റെ സാധ്യതകൾ കണക്കിലെടുത്ത് കണ്ടറിയാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതുമായ തെരുവുകൾ സജ്ജമാക്കും. ഗ്രീൻ സ്ട്രീറ്റിന് പുറമെ കൾച്ചറൽ, ഫുഡ്, വില്ലേജ് ലൈഫ് എക്സ്പീരിയൻസ്, വാട്ടർ, ആർട്ട്, എത്ത്‌നിക്കൽ, എക്സ്‌പീരിയൻഷ്യൽ ടൂറിസം, അഗ്രി ടൂറിസം സ്‌ട്രീറ്റുകളും ഒരുങ്ങും.  വിനോദ സഞ്ചാര മേഖലയിലെ കുതിപ്പിനൊപ്പം പ്രദേശത്തുള്ളവരുടെ വരുമാനം വർധിപ്പിക്കാനും കഴിയുംവിധമാണ്‌ നടപ്പാക്കുക.  സംസ്ഥാനത്ത് കടലുണ്ടിയടക്കം ഒമ്പത്‌ പഞ്ചായത്താണ്‌ പദ്ധതിക്കായി തെരഞ്ഞെടുത്തത്. Read on deshabhimani.com

Related News