മാവൂർ റോഡ്‌ വാതക ശ്‌മശാനം ഉടൻ തുറക്കും

നിർമാണത്തിലിരിക്കുന്ന മാവൂർ റോഡ് വാതക ശ്‌മശാനം


സ്വന്തം ലേഖിക കോഴിക്കോട്‌ പരിസ്ഥിതി മലിനീകരണമില്ലാത്ത മാവൂർ റോഡ്  ശ്മശാനമെന്ന ലക്ഷ്യം സാക്ഷാൽക്കാരത്തിലേക്ക്‌. അത്യാധുനിക സംവിധാനത്തോടെയുള്ള ശ്‌മശാന നിർമാണം അന്തിമഘട്ടത്തിലെത്തി. പ്രവൃത്തി പൂർത്തിയാക്കി  രണ്ട്‌ മാസത്തിനകം ശ്‌മശാനം തുറക്കും.  ഒരേസമയം മൂന്ന്‌  മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള വാതക ശ്‌മശാനം, പരമ്പരാഗത രീതിയിൽ സംസ്‌കരിക്കാനുള്ള രണ്ട്‌  ചൂളകൾ,   അനുശോചന യോഗത്തിനുള്ള ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ശ്‌മശാനമാണ്‌ ഉദ്‌ഘാടനത്തിനൊരുങ്ങുന്നത്‌.  നിലവിലെ ഇലക്‌ട്രിക്‌ ശ്‌മശാനം നവീകരിക്കുകയും ചെയ്യും.  5250 ചതുരശ്ര അടി വിസ്‌തീർണത്തിലുള്ള കെട്ടിടം നിർമിച്ച്‌ സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾക്ക്‌ മുറികൾ ഒരുക്കി. വാതക ചൂള ഒരുക്കുന്നതിനുള്ള യന്ത്രസംവിധാനങ്ങൾ സ്ഥാപിക്കലും ലാൻഡ്‌സ്‌കേപ്പിങ്ങുമാണ്‌ ശേഷിക്കുന്നത്‌. യന്ത്രങ്ങൾ വാങ്ങാനായി ഓർഡർ നൽകിയിട്ടുണ്ട്‌. അനുശോചന യോഗം ചേരാനുള്ള സമീപത്തെ കെട്ടിടത്തിൽ ഓട്‌ പതി‌ക്കാനുണ്ട്‌. പ്രവൃത്തികളെല്ലാം ദിവസങ്ങൾക്കകം പൂർത്തിയാക്കി മേയിൽ തുറന്ന്‌ കൊടുക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ പൊതുമരാമത്ത്‌ സമിതി അധ്യക്ഷൻ പി സി രാജൻ പറഞ്ഞു.  ശ്‌മശാനത്തിൽനിന്നുള്ള പുകയും രൂക്ഷമായ ഗന്ധവും നഗരത്തിലെത്തുന്നവർക്ക്‌  വലിയ  പ്രയാസമുണ്ടാക്കിയിരുന്നു. ഇതിന്‌ പരിഹാരമായാണ്‌ മാതൃക പദ്ധതി‌ക്ക്‌ തുടക്കമിട്ടത്‌.  രണ്ടര വർഷം മുമ്പ്‌ കോർപറേഷന്റെ ഫണ്ടും എ പ്രദീപ്കുമാർ എംഎൽഎ ആയിരിക്കെയുള്ള ആസ്തിവികസന ഫണ്ടും ഉപയോഗിച്ച്‌  3.3 കോടി രൂപ ചെലവിട്ടാണ്‌ നവീകരണത്തിന്‌ തുടക്കമിട്ടത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ്‌  ‌ സൊസൈറ്റി‌ക്കാണ്‌  നിർമാണ ചുമതല. മരണാനന്തര ചടങ്ങിനുള്ള സൗകര്യം, ശുചിമുറികൾ, കുളിമുറി, സ്റ്റോറേജ് സൗകര്യം, സെക്യൂരിറ്റി ക്യാബിൻ, ജനറേറ്റർ മുറി, ഗ്യാസ്‌ സ്‌റ്റോർ  എന്നിവയും കെട്ടിടത്തിലുണ്ട്‌. മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക വെള്ളത്തിലൂടെ കടത്തിവിട്ട്‌ ശുദ്ധീകരിച്ച ശേഷമാണ്‌  നൂറ്‌ അടി ഉയരമുള്ള പുകക്കുഴലിലൂടെ പുറത്തേ‌ക്ക്‌ വിടുക.  ട്രീറ്റ്‌മെന്റ്‌  പ്ലാന്റിലൂടെ കടന്നുപോയശേഷം വെള്ളം ഓടയിൽ ഒഴുക്കും.  മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡം പാലിച്ചാണ്‌ നിർമാണം. ഇലക്‌ട്രിക്‌ ശ്‌മശാനം മാത്രം നിലനിർത്തി മറ്റെല്ലാം പൊളിച്ചുമാറ്റിയാണ്‌ നിർമാണം നടത്തിയത്‌. ഡിസംബറിൽ ഇലക്‌ട്രിക്‌ ശ്‌മശാനം കേടായതോടെ  ശവസംസ്‌കാരമൊന്നും നടക്കുന്നില്ല.  Read on deshabhimani.com

Related News