‘ബഷീറിന്റെ ചായപ്പീട്യ’യിൽ കാണാം
അതിജീവനത്തിന്റെ കൂട്ടായ്മ



  കുന്നമംഗലം " ഞാൻ തന്ന ചുവന്ന പൂ നീ എന്ത് ചെയ്തു. ഓ അത് ഞാൻ നിലത്തിട്ട് ചവിട്ടിയരച്ച് കളഞ്ഞു. ഹൊ അതെന്റെ  ഹൃദയമായിരുന്നു'... പെരുവയൽ അയ്യപ്പൻകാവിനടുത്തുള്ള  ‘ബഷീറിന്റെ ചായപ്പീടിക'യിലേക്ക് ചായ കുടിക്കാൻ കയറുന്നവരെ ആദ്യം സ്വാഗതം ചെയ്യുന്ന ചുമരിലെ  വാചകമാണിത്. ഒരവസരത്തിൽ ജീവിതവും ശരീരവും തളർന്നുപോയ, കോഴിക്കോടൻ സാംസ്കാരിക കൂട്ടായ്മയിലെ സജീവ സാന്നിധ്യമായിരുന്ന ചിറയിൽ പ്രദീപ്‌ കുമാറിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ വിജയമാതൃക കൂടിയാണ്‌  ‘ബഷീറിന്റെ ചായപ്പീട്യ'. ഒപ്പം ജീവിതമാർഗത്തിനുമപ്പുറം സാംസ്കാരിക കൂട്ടായ്മയുടെയും കലാപ്രവർത്തനങ്ങളുടെയും സൗഹൃദബന്ധങ്ങളുടെയും കേന്ദ്രമാകുന്നു ഇവിടം.   കോഴിക്കോട്ടെ ആർട് ഗ്യാലറി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നിരവധി സൗഹൃദ കൂട്ടായ്മകളിലെ സംഘാടകനുമായിരുന്നു പ്രദീപ് കുമാർ. ജീവരാഗം സംഗീത കൂട്ടായ്മയുടെ സെക്രട്ടറി, ജനകീയ സംഗീതവേദി മൈത്രിയുടെ ജോ.  സെക്രട്ടറി,  25 വർഷക്കാലം പിഎസ്എസിയുടെ  സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഇടതുപക്ഷ സാംസ്കാരിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു  ഈ ചെറുപ്പക്കാരൻ. 2019 മാർച്ച് 10ന് ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായി. പിന്നീട്‌ അതിജീവനത്തിന്റെ നാളുകളായിരുന്നു. സുഹൃത്തുക്കളായ ടി കെ സജിത്ത്, സഞ്ജയ് മാത്യു, നിഥീഷ് ബൈജു, ഷിബു വയലക്കര, ദിനേശൻ പാലക്കോട്ടുവയൽ, സുരേഷ് പൂലേരി, കെ പി വിജയകുമാർ, സന്തോഷ് പാലക്കട, സി ടി സുകുമാരൻ തുടങ്ങിയവരുടെ പിന്തുണയോടെ  ചായപ്പീടിക യാഥാർഥ്യമായി.  ആർട്ടിസ്റ്റ് നിഥീഷ് ബൈജുവും ചേർന്നതോടെ ബഷീർ കഥാപാത്രങ്ങൾ അവിടം നിറഞ്ഞു.  ബഷീർ ജന്മദിനത്തിൽ നാടക പ്രവർത്തകരുടെ ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം നടന്നു. നഗരത്തിലെ പാട്ടിന്റെ കൂട്ടുകാരുടെ നാടൻപാട്ട് അരങ്ങേറി. മാർച്ച് അഞ്ചിന്‌ കലാഭവൻ മണി അനുസ്മരണത്തിൽ നാടൻ പാട്ട് അരങ്ങേറും. മെഹ്ഫിൽ, ചർച്ചാ ക്ലാസുകൾ തുടങ്ങിയവയും നടക്കും. ഫോൺ : 8606104819. Read on deshabhimani.com

Related News