ഭൂമി കൈമാറ്റം 
അടുത്ത മാസത്തോടെ

നാലുവരിയായി വികസിപ്പിക്കുന്ന മാനാഞ്ചിറ–വെള്ളിമാടുകുന്ന്‌ നഗരപാത
(ഫയൽചിത്രം)


കോഴിക്കോട്‌ മാനാഞ്ചിറ–-വെള്ളിമാടുകുന്ന്‌ നഗരപാത നവീകരണത്തിനായുള്ള ഭൂമി കൈമാറ്റം ഡിസംബറിൽ പൂർത്തിയാകും. സ്ഥലമേറ്റെടുക്കൽ അതിവേഗം പൂർത്തിയാക്കി നിർമാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌. കേരള റോഡ്‌ ഫണ്ട്‌ ബോർഡിന്റെ ഡിസൈനിങ് വിങ് സമർപ്പിച്ച 131 കോടിയുടെ വിശദമായ പദ്ധതി രേഖയ്‌ക്ക്‌ ഭരണാനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടി ആരംഭിക്കും. റോഡിനായി ഏറ്റെടുത്ത ഭൂമിയുടെ കൈവശക്കാർക്കുള്ള നഷ്ടപരിഹാരവും കച്ചവടക്കാർക്കും  തൊഴിലാളികൾക്കുമുള്ള പുനരധിവാസ പാക്കേജിലൂടെയുള്ള ധനസഹായ കൈമാറ്റവും ശനിയാഴ്‌ച നടക്കും. കലക്ടറേറ്റ്‌ ഹാളിൽ വൈകിട്ട്‌ ആറിനാണ്‌ ചടങ്ങ്‌. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനാവും. നഷ്ടപരിപഹാരം വിതരണത്തിന്‌ പിന്നാലെ ഭൂമി പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറും.  കോഴിക്കോട്‌–-കൊല്ലഗൽ ദേശീയപാത എൻഎച്ച്‌–- 766ന്റെ ഭാഗമാണ്‌ ഈ റോഡ്‌. കോഴിക്കോട്ടുകാരുടെ ചിരകാലസ്വപ്‌നമായ വികസനപദ്ധതിക്കാണ്‌ ഇതോടെ വേഗംകൈവരിക. കസബ, കച്ചേരി, വേങ്ങേരി, ചേവായൂർ വില്ലേജുകളിലായി എട്ടുകിലോമീറ്റർ ദൈർഘ്യമുള്ള റോഡ്‌ നാലുവരിയാക്കി വികസിപ്പിക്കുന്നതിന്‌ 7.2947 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കേണ്ടത്‌. ഇതിൽ 3.8326 ഹെക്ടർ ഉടമകളുടെ സമ്മതപ്രകാരം ഏറ്റെടുത്തു. 277 പേരുടെ കൈയിലുള്ള 3.4621 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉൾപ്പെടുത്തുകയായിരുന്നു. നടപടിക്രമങ്ങൾക്കുള്ള തുക ഉൾപ്പെടെ 344.50 കോടിയാണ്‌ സ്ഥലമേറ്റെടുപ്പിനായി അനുവദിച്ചത്‌. 240.52 കോടി രൂപ ഇതിനകം വിതരണം ചെയ്‌തു.  ● മാതൃകയായി 
പുനരധിവാസം മാനാഞ്ചിറ–വെള്ളിമാടുകുന്ന്‌ നഗരപാതക്കായി സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ്‌ കുറ്റമറ്റതാണ്‌. റോഡിനായി വിട്ടുനൽകേണ്ടിവരുന്ന ഭൂമിയിലെ വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ പാക്കേജിന്റെ ഭാഗമായി. നിയമപ്രകാരം ഏറ്റെടുത്ത ഭൂമിയിലെ ഉഭയങ്ങൾ നഷ്ടപ്പെടുന്ന 383 വ്യാപാരികളും തൊഴിലാളികളുമാണ്‌ പാക്കേജിൽ ഉൾപ്പെടുന്നത്‌. വ്യാപാരികൾക്ക്‌ പരമാവധി രണ്ടുലക്ഷവും തൊഴിലാളികൾക്ക്‌ 36,000 രൂപയും ലഭിക്കും. ഇതിനായി 2.15 കോടി രൂപ വകയിരുത്തി.  ● എല്ലാ വ്യാപാരികളും പാക്കേജിൽ  സ്വമേധയാ വിട്ടുനൽകിയ ഭൂമിയിൽ ഉപജീവനം കണ്ടെത്തിയിരുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കുമായി പ്രത്യേക പാക്കേജ്‌ അനുവദിച്ച്‌ സർക്കാർ ഉത്തരവായി. മുന്നൂറോളം പേർക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുക. നിയമപ്രകാരം ഏറ്റെടുത്ത ഭൂമിയിലെ വ്യാപാരികൾക്കായി പ്രഖ്യാപിച്ച പാക്കേജിന്‌ സമാനമാവും ഇതെന്നാണ്‌ സൂചന. ഇതിലെ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിവരികയാണെന്ന്‌ സ്‌പെഷൽ തഹസിൽദാർ കെ ഷറീന പറഞ്ഞു. ഡിസംബറിൽ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി മുഴുവൻ ഭൂമിയും പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറും.   Read on deshabhimani.com

Related News