വൈശാഖിൽനിന്ന്‌ 
പഠിക്കാം ജീവതാളം

വൈശാഖ്‌ പന്തുതട്ടുന്നു


കോഴിക്കോട്‌ എല്ലാ ജീവിതസൗഭാഗ്യങ്ങൾക്കുനടുവിലും, ജീവിതശൈലീ രോഗങ്ങളുടെ തടവറയിലാണെങ്കിൽ നിങ്ങൾക്ക്‌ പേരാമ്പ്ര ആവള കുട്ടോത്ത്‌ വൈശാഖിൽനിന്ന്‌ ഏറെ പഠിക്കാനുണ്ട്‌. വെറുതെയല്ല, സംസ്ഥാന ആരോഗ്യ വകുപ്പ്‌ ജീവതാളം പദ്ധതിയുടെ ബ്രാൻഡ്‌ അംബാസഡറായി ഈ പോരാളിയെ തെരഞ്ഞെടുത്തത്‌. ഒരു കാൽ മുറിച്ചുമാറ്റിയിട്ടും ഫുട്‌ബോളിനോട്‌ അടങ്ങാത്ത പ്രണയവുമായി ശരീരവും മനസ്സും ചലിപ്പിക്കുന്ന ഈ യുവാവ്‌ ഓരോ മനുഷ്യനും വലിയ പാഠപുസ്‌തകമാണ്‌.  എട്ടാം ക്ലാസിൽ പഠിക്കവേയാണ്‌ വൈശാഖിന്‌ വലതുകാൽ നഷ്ടമായത്‌. ചെറുപ്പത്തിലേയുണ്ടായിരുന്നു ഫുട്‌ബോൾ കമ്പം. കോഴിക്കോട്ട്‌ നടക്കുന്ന സെലക്‌ഷൻ ട്രയലിനായി ഫുട്‌ബോൾ കിറ്റെടുക്കാൻ ബൈക്കിൽ വീട്ടിലേക്ക്‌ പോകുമ്പോഴായിരുന്നു അപകടം. വലതുകാൽ മുറിച്ചുമാറ്റി. പക്ഷേ, തോറ്റുപിന്മടങ്ങാൻ അവൻ തയ്യാറായില്ല. ബെൽറ്റിന്റെ സഹായമില്ലാതെ നടക്കാൻപോലും സാധിക്കില്ലെന്ന്‌ ഡോക്ടർമാർ വിധിയെഴുതിയ കാലുമായി വീണ്ടും കളത്തിലിറങ്ങി. കൂട്ടുകാർക്കൊപ്പം പന്തുതട്ടി. സൈക്കിൾ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ എല്ലുപൊട്ടി വീണ്ടും ശസ്‌ത്രക്രിയ. ആശുപത്രി വിട്ട്‌ വീട്ടിലെത്തിയപ്പോൾ വാക്കിങ് സ്‌റ്റിക്കിന്റെ സഹായത്താൽ വീട്ടുമുറ്റത്ത്‌ പന്തുതട്ടിത്തുടങ്ങി. ആത്മവിശ്വാസം വീണ്ടെടുത്തതോടെ സുഹൃത്തുക്കൾക്കൊപ്പം ഗ്രൗണ്ടിലിറങ്ങി. ഇതിനിടെ പഠനവും പൂർത്തിയാക്കി.  നിലവിൽ ഭിന്നശേഷിക്കാർക്കുള്ള സിറ്റിങ് വോളി ടീമിന്റെയും ആംബ്യൂട്ടി ഫുട്‌ബോൾ ടീമിന്റെയും ക്യാപ്‌റ്റനാണ്‌. നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ ക്ലബ്ബിന്റെ വിശിഷ്ടാതിഥിയായി. അർജന്റീന അണ്ടർ 20 ടീമിനൊപ്പം കളിച്ചു. ലോക ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരങ്ങളിൽ കളിച്ചു.   തന്റെ ജേഴ്‌സിക്കും വാക്കിങ് സ്‌റ്റിക്കിനുമെല്ലാം വൈശാഖ്‌ തെരഞ്ഞെടുത്തത്‌ രണ്ടാം നമ്പർ. സെപ്‌തംബർ രണ്ടിന്‌ കാൽ മുറിച്ചുമാറ്റിയതിന്റെ ഓർമദിനം. രണ്ടെന്ന തീയതിയിലെ വേദനയെ കർമധീരതയാൽ തോൽപ്പിക്കുകയാണ്‌ ഈ യുവ പോരാളി. മന്ത്രി വീണാ ജോർജ്‌ പങ്കെടുത്ത ചടങ്ങിലാണ്‌ വൈശാഖിനെ ബ്രാൻഡ്‌ അംബാസഡറായി തെരഞ്ഞെടുത്തത്‌. ജീവിതശെെലീ രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിതരീതികളിലേക്കുള്ള സാമൂഹ്യ മാറ്റവും രോഗപ്രതിരോധവും ലക്ഷ്യമിട്ട്‌ ആരോഗ്യവകുപ്പ്‌ രൂപകൽപ്പന ചെയ്തതാണ്‌ ജീവതാളം പദ്ധതി.   അധ്യാപകനായ ശശിധരന്റെയും രജനിയുടെയും മൂത്തമകനാണ്‌ വൈശാഖ്‌. ഭാര്യ: തീർത്ഥ. സഹോദരൻ: നന്ദു.   Read on deshabhimani.com

Related News