നാടാകെ ലഹരിക്കെതിരെ 
കവചം തീർത്തു

പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ ജനകീയ കവചം പരിപാടിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്ന പ്രവർത്തകർ


  കോഴിക്കോട്‌ ‘‘ഞാൻ എന്റെ ബുദ്ധിയെ, ചിന്തകളെ, സ്വപ്നങ്ങളെ ലഹരിക്ക് ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറാവുകയില്ല. ഞാൻ ഏതെങ്കിലുംതരത്തിലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുകയോ കെെമാറ്റം ചെയ്യുകയോ ലഹരി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പ്രവർത്തനങ്ങളുമായും സഹകരിക്കുകയോ ചെയ്യില്ല. ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയിൽ അതിൽ ഞാൻ ഒരുതരത്തിലും വിട്ടുവീഴ്ചചെയ്യില്ല’’. ഞായറാഴ്‌ചയിലെ സായാഹ്നത്തിൽ ജില്ലയിലെ ഡിവൈഎഫ്ഐയുടെ യൂണിറ്റ്‌ കേന്ദ്രങ്ങളിൽ നിന്നുയർന്നത്‌ ലഹരിക്കെതിരായ കൂട്ടായ പോരാട്ടത്തിൽ നാടിനൊപ്പം ഞങ്ങളുമുണ്ടെന്ന പ്രഖ്യാപനമായിരുന്നു. നാടിന്‌ കാവലാളായി യുവത രംഗത്തിറങ്ങിയപ്പോൾ നാടാകെ ഒപ്പം കൈകോർക്കുകയായിരുന്നു.  ജില്ലാതല ഉദ്‌ഘാടനം പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ ജില്ലാസെക്രട്ടറി പി സി ഷൈജു ഉദ്‌ഘാടനംചെയ്‌തു. ലഹരിവിരുദ്ധ പ്രതിജ്ഞയിൽ രാഷ്‌ട്രീയ–-സാമൂഹ്യ–-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കാളികളായി.  ജില്ലയിൽ 3153  കേന്ദ്രങ്ങളിൽ പരിപാടി നടന്നു.   ലഹരി വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനിൽപ്പിനും പുരോഗതിക്കും ഭീഷണിയാണ്.  ലഹരിക്കെതിരായ കൂട്ടായ പോരാട്ടത്തിൽ നാടിനൊപ്പം അണിചേരുക എന്ന സുപ്രധാനമായ കടമ ഞാൻ അഭിമാനപൂർവം ഏറ്റെടുക്കുമെന്ന്‌ നാടാകെ പ്രഖ്യാപിച്ചു.  ലഹരിക്കെതിരായ പോരാട്ടത്തിന്‌ മാതൃകാപരമായ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ എന്നിവർക്കിടയിൽ വ്യാപകമാവുന്ന മയക്കുമരുന്ന്‌ ഉപയോഗത്തിനെതിരെ പൊരുതും. ലഹരിമാഫിയകൾക്കെതിരെ തുടർച്ചയായ ഇടപെടൽ തീർക്കും. ഇതിന്റെ ഭാഗമായി ഗൃഹസന്ദർശനം, പ്രചാരണജാഥകൾ, സൈക്കിൾ റാലി, പ്രചാരണ ബോർഡ്‌ സ്ഥാപിക്കൽ, ബോധവൽക്കരണ ക്ലാസ്‌, കലാജാഥ എന്നിവ സംഘടിപ്പിക്കും. വിവിധ യൂണിറ്റുകളിൽ ലിന്റോ ജോസഫ്‌ എംഎൽഎ, കെ കെ  ദിനേശൻ, പി കെ പാറക്കടവ്, ഭാനുപ്രകാശ്, പ്രദീപ് ഹുഡിനോ, വി കെ പ്രമോദ് എന്നിവർ പങ്കാളികളായി. Read on deshabhimani.com

Related News