സുരക്ഷയുറപ്പാക്കി ഫറോക്ക്‌‌ 
പഴയപാലം നവീകരിക്കുന്നു

ഫറോക്ക് പഴയ ഇരുമ്പുപാലം ഉദ്യോഗസ്ഥസംഘം പരിശോധിക്കുന്നു


ഫറോക്ക് ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതും പിന്നീട്  പലതവണയായി പുതുക്കിപ്പണിതതുമായ ഫറോക്ക് പഴയ ഇരുമ്പുപാലം നവീകരിക്കുന്നു. നിലവിലെ കേടുപാട്‌ തീർക്കുന്നതിനൊപ്പം പാലത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്ത നിലയിൽ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയാണ് പുനരുദ്ധാരണം. ഇതിനായി 88 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പ്രാഥമിക പദ്ധതി തയാറാക്കി. ഇതിന് പുറമെ പഴയ ഇരുമ്പ്‌ പാലത്തിന് സമീപം രണ്ടാമതൊരു പാലം നിർമിക്കുന്നതിനായുള്ള സാധ്യതാപഠനം നടത്തുമെന്ന് പാലം സന്ദർശിച്ച പൊതുമരാമത്ത് (പാലങ്ങൾ വിഭാഗം) ചീഫ് എൻജിനിയർ എസ് മനോമോഹൻ അറിയിച്ചു. വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് ഡിവിഷനെ ചുമതലപ്പെടുത്തി. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് നടപടി. പഴയപാലത്തിന്റെ ഏഴ്‌ ഇരുമ്പുകമാനങ്ങൾ തകർന്നിട്ടുണ്ട്‌. തകരാറുകൾ തീർക്കുന്നതിന് പുറമെ ഉയരുംകൂടിയ ചരക്കുവാഹനങ്ങൾ ഒരുവിധത്തിലും പാലത്തിൽ പ്രവേശിക്കാതിരിക്കാൻ ഇതുവരെയുള്ളതിൽനിന്ന്‌ വ്യത്യസ്തമായി കൂടുതൽ കരുത്തുറ്റ കവചങ്ങൾ നിർമിക്കും.  നിലവിലുള്ള ഇരുമ്പ് കവചം തകർത്തും കൂറ്റൻ ചരക്കുവാഹനങ്ങൾ പ്രവേശിക്കുന്നുണ്ട്.  2005ലാണ് ഒടുവിൽ പാലം പുനരുദ്ധരിച്ചത്. സൂപ്രണ്ടിങ് എൻജിനിയർ പി കെ മിനി, എക്സിക്യൂട്ടീവ് എൻജിനിയർ ബെന്നി ജോൺ, അസി.എക്സി.എൻജിനിയർ പി ബി ബൈജു, അസി.എൻജിനിയർ വി  അമൽജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News