വരുന്നൂ, മൂന്ന് മേൽപ്പാലങ്ങൾ



ഫറോക്ക് കോഴിക്കോട് കോർപറേഷൻ പരിധിയിലെ ചെറുവണ്ണൂർ, അരീക്കാട്,- മീഞ്ചന്ത, മാങ്കാവ് എന്നിവിടങ്ങളിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നതിനായുള്ള പ്രാഥമിക നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് (പാലങ്ങൾ വിഭാഗം) ചീഫ് എൻജിനിയർ എസ് മനോമോഹനന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്ഥലങ്ങൾ സന്ദർശിച്ചു.  ഓരോ സ്ഥലങ്ങളിലും മേൽപ്പാലങ്ങളുടെ നിർമാണച്ചെലവ്‌ കണക്കാക്കി പൊതുമരാമത്ത് (പാലങ്ങൾ വിഭാഗം) പ്രാഥമിക എസ്റ്റിമേറ്റും തയാറാക്കി. വിശദ പദ്ധതി റിപ്പോർട്ട് മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്‌ സമർപ്പിക്കും. നിലവിൽ മൂന്ന് മേൽപ്പാലങ്ങൾക്കുമായി  370 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.  ഇതിൽ ചെറുവണ്ണൂർ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ മതിപ്പ് ചെലവ് 99 കോടി രൂപയാണ്. പുതുതായി ചെറുവണ്ണൂർ - കൊളത്തറ റോഡ് നവീകരണം ആരംഭിച്ചതിനാൽ റോഡ് വീതികൂട്ടലും ഭൂമി ഏറ്റെടുക്കലും ഇവിടെ എളുപ്പമായേക്കും. ബിസി റോഡ്‌ നവീകരണവും പ്രാഥമിക ഘട്ടത്തിലാണ്. ഇവിടെ ഭൂമി ഏറ്റെടുക്കലിന് 50 കോടിയോളം രൂപയാകുമെന്നാണ് പ്രാരംഭ നിഗമനം. അരീക്കാട്, മീഞ്ചന്ത ജങ്ഷനുകളെ യോജിപ്പിച്ച് വട്ടക്കിണറിൽ നിന്നുതുടങ്ങി അരീക്കാടുനിന്ന്‌ തെക്കോട്ട് 150 മീറ്റർവരെ നീളുന്ന മേൽപ്പാലത്തിന് 102 കോടിയും മാങ്കാവിൽ 169 കോടി രൂപയുമാണ് ചെലവ് വരിക.  സൂപ്രണ്ടിങ് എൻജിനിയർ പി കെ മിനി, എക്സിക്യുട്ടീവ് എൻജിനിയർ ബെന്നി ജോൺ, അസി. എക്സി. എൻജിനിയർ പി ബി ബൈജു, അസി. എൻജിനിയർ വി  അമൽജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News