മകന്റെ സ്വപ്നപ്പൂർത്തീകരണവുമായി ‘ചെക്കൻ’

അലി അരങ്ങാടത്തും ഭാര്യയും മകൻ മൺസൂറിനോടൊപ്പം


കൊയിലാണ്ടി കുടുംബത്തെ പോറ്റാനായി മണലാരണ്യത്തിൽ വർഷങ്ങളോളം അധ്വാനിച്ച പിതാവിന്റെ  സ്വപ്നം സാക്ഷാത്കരിക്കാനായി മകൻ സിനിമ നിർമിക്കുക. അതിൽ പ്രധാന വേഷത്തിൽ പിതാവിനെ അഭിനയിപ്പിക്കുക. മലയാളത്തിൽ അടുത്തിടെയിറങ്ങിയ ചെക്കൻ എന്ന സിനിമയുടെ പിന്നണിക്കഥ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്‌.  നാടക രംഗത്ത് ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയും പിന്നീട് പ്രവാസ ജീവിതം നയിക്കുകയും നാട്ടിൽ തിരിച്ചെത്തി നാടക രംഗത്ത് സജീവമാവുകയും ചെയ്‌ത അലി അരങ്ങാടത്ത് എന്ന കെ വി അലിയാണ് ഇതിലെ പിതാവ്. മകൻ മൺസൂർ അലിയാണ് സിനിമയുടെ നിർമാതാവ്‌. അലി അരങ്ങാടത്ത് നിരവധി പുരാണ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. ജീവിതം വഴിമുട്ടിയപ്പോഴാണ് പ്രവാസ ജീവിതത്തിലേക്ക് കടന്നത്. അരനൂറ്റാണ്ടോളമുള്ള പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയപ്പോൾ ഇബ്രാഹിം വെങ്ങര എഴുതിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ഏകപാത്ര നാടകവുമായി വീണ്ടും രംഗത്തെത്തി. അപ്പോഴാണ്‌ മൻസൂർ അലിക്ക്‌ പിതാവിനെ ബിഗ്‌ സ്ക്രീനിൽ കാണണമെന്ന് തോന്നിയത്. ചെക്കൻ എന്ന സിനിമയിലെ ജയകൃഷ്ണൻ മാസ്റ്റർ എന്ന കഥാപാത്രത്തിലൂടെ അലി ബിഗ്‌ സ്‌ക്രീനിലും നിറഞ്ഞാടി.  ഗായകനായ ഗോത്ര വിദ്യാർഥിയുടെ കഥ പറയുന്ന ചിത്രം  വയനാടിന്റെ ദൃശ്യ ഭംഗിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള അവഗണനകളും, മാറ്റിനിർത്തലുകളും നേരിടേണ്ടിവരുന്ന ബാലന്റെ നിസ്സഹായതയാണ്  സംവിധായകൻ ഷാഫി എപ്പിക്കാട് ചെക്കനിലൂടെ കാണിക്കുന്നത്. നാടൻപാട്ടു ഗായകൻ മണികണ്ഠൻ പെരുമ്പടപ്പ്‌ രചനയും സംഗീതവും നിർവഹിച്ചു പാടുന്നുണ്ട്‌. Read on deshabhimani.com

Related News