ഇന്ന് ജീവിതം മുന്തിരിച്ചാറുപോലെ



കോഴിക്കോട്‌ ചെത്തിയിറക്കിയ കള്ളിൽ ഉണക്കമുന്തിരി പിഴിഞ്ഞു കഴിച്ചാൽ ശരീരത്തിന്‌ ഉത്തമമാണെന്ന സുഹൃത്തിന്റെ ഉപദേശമാണ്‌ രാജീവ്‌ പണിക്കരുടെ (പേര്‌ സാങ്കൽപ്പികം) ജീവിതം കീഴ്‌മേൽ മറിച്ചത്‌. കുലത്തൊഴിലായ ജ്യോതിഷത്തിൽനിന്നും  നല്ല വരുമാനം ലഭിച്ചു തുടങ്ങിയതോടെ കുടി ജോറായി.  മദ്യാസക്തിയിൽ മുങ്ങിപ്പൊങ്ങിയ  ജീവിതത്തെ 11 വർഷം മുമ്പ്‌ പണിക്കർ മാറ്റിയെഴുതി. ഇന്ന്‌ ലഹരി വിമുക്തരുടെ കൂട്ടായ്‌മയായ ആൾക്കഹോളിക്‌ അനോനിമസ്‌ ഗ്രൂപ്പിന്റെ  പ്രധാന പ്രവർത്തകനാണ്‌ ഇദ്ദേഹം.  19ാം വയസിലാണ്‌ രാജീവ്‌ പണിക്കർ മദ്യപാനം തുടങ്ങിയത്‌. വയനാട്ടിൽ നിന്ന്‌ ജ്യോതിഷം പഠിച്ച്‌ മടങ്ങിയെത്തിയ കാലം. ടാപ്പിങ് തൊഴിലാളിയായ അച്ഛന്‌ കൂലി 24 രൂപ. വീട്ടുജോലി ചെയ്യുന്ന അമ്മയ്‌ക്ക്‌ എട്ടുരൂപ. ജ്യോതിഷത്തിൽ നിന്ന്‌ ഒറ്റ തവണ 44 രൂപ കിട്ടിയതോടെ ജീവിതം ആഘോഷമായി. മദ്യപാനികളായ സുഹൃത്തുക്കളുമായപ്പോൾ രാവും പകലും കുടിയായി.  ഇതിനിടെ വിവാഹം. ജീവിതം വയനാട്ടിലേക്ക്‌ പറിച്ചുനട്ടു. ഡൽഹിയിലും മുംബൈയിലും ഹൈദരാബാദിലും കാർഗിലിലും മദ്യത്തിലാറാടി യാത്രപോയി. മടങ്ങിയെത്തിയപ്പോൾ കടം പെരുകി. 18 ലക്ഷം രൂപ വിലമതിക്കുന്ന  വീടും 10 സെന്റ്‌ സ്ഥലവും രണ്ടേ മുക്കാൽ ലക്ഷത്തിന്‌ വിറ്റ്‌ ഭാര്യവീട്ടിലേക്ക്‌ താമസം മാറി. മകന്റെ ദുരിത ജീവിതം കണ്ട്‌ അച്ഛൻ മരിച്ചു. മകൻ കുടി നിർത്തുന്നത്‌ കാണാൻ മോഹിച്ച അമ്മയും വിടപറഞ്ഞു. ശാരീരിക അവശതകളും ദാമ്പത്യ പ്രശ്‌നങ്ങളും കടുത്തതോടെ രാജീവ്‌  ജീവിതത്തിലേക്ക്‌ തിരിച്ചു നടക്കാൻ തീരുമാനിച്ചു. 2011 ഡിസംബർ 22ന്‌ ഇഖ്‌റ ആശുപത്രിയിലെ ലഹരിവിമുക്ത ചികിത്സ തേടിയെത്തുന്നതോടെ മാറ്റംവന്നു. ഡോ. പി എൻ സുരേഷ്‌ കുമാറുമായുള്ള സൗഹൃദത്തിൽ ലഹരി ജീവിതത്തോടായി. ജീവിതത്തെ തിരിച്ചുപിടിച്ച പണിക്കർ ജോലി കഴിഞ്ഞുള്ള സമയമത്രയും ലഹരിവിമുക്ത പ്രവർത്തനങ്ങളിലായി.  ലഹരിയോട്‌ വിടപറയാൻ ആഗ്രഹിക്കുന്ന ആർക്കും  8592071240, 8590240241 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.  Read on deshabhimani.com

Related News