വ്യാജ കെട്ടിട നമ്പർ: വിട്ടുവീഴ്‌ചയില്ലാതെ കോർപറേഷൻ



കോഴിക്കോട്‌ വ്യാജകെട്ടിട നമ്പർ വിഷയത്തിൽ വിട്ടുവീഴ്‌ചയില്ലാതെ, വസ്‌തുനിഷ്‌ഠ അന്വേഷണവുമായി  കോർപറേഷൻ. പൊലീസ്‌, തദ്ദേശ വകുപ്പ്‌ അന്വേഷണങ്ങൾക്ക്‌ പുറമെയാണ്‌ കോർപറേഷൻ ആഭ്യന്തര സമിതിയുടെ അന്വേഷണം. തട്ടിപ്പുണ്ടെങ്കിൽ മുഴുവനും പുറത്തെത്തിക്കാൻ  മൂന്നര വർഷത്തെ കെട്ടിട നമ്പറുകളുടെ ഫയലുകളാണ്‌ പരിശോധിക്കുന്നത്‌.  15 കെട്ടിടങ്ങൾക്ക്‌ വ്യാജ നമ്പർ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. പരിശോധന വൈകാതെ പൂർത്തിയാക്കും.  വസ്‌തുതകൾ മറച്ചുവച്ച്‌ പുകമറ സൃഷ്‌ടിക്കുകയാണ്‌ പ്രതിപക്ഷവും മാധ്യമങ്ങളുമെന്ന്‌ ഭരണസമിതി ചൂണ്ടിക്കാട്ടി.  വ്യാജ  കെട്ടിടനമ്പർ നൽകിയതായി റവന്യൂ വിഭാഗത്തിൽനിന്ന്‌ ഈ മാസം ആദ്യമാണ്‌ വിവരം ലഭിച്ചത്‌. ഉടൻ കോർപറേഷൻ സെക്രട്ടറി പ്രാഥമിക അന്വേഷണം നടത്തി. പിന്നാലെ ഉദ്യോഗസ്ഥരുടെ ലോഗിൻ ഐഡി വഴിയാണിത്‌ നടന്നതെന്ന്‌ പരിശോധിച്ചാണ്‌ നാല്‌ പേരെ സസ്‌പെൻഡ്‌ ചെയ്‌തത്‌.  മെമ്മോ നൽകിയ ശേഷമായിരുന്നു സസ്‌പെൻഷൻ. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണ്‌.  ഇക്കാര്യങ്ങൾ ജീവനക്കാരുടെ യൂണിയനെയും എല്ലാ കക്ഷികളെയും ബോധ്യപ്പെടുത്തി.  കമീഷണർക്ക്‌ പരാതിനൽകി. ആഭ്യന്തര സമിതി  വിശദ അന്വേഷണവും ആരംഭിച്ചു.  അസി. കമീഷണറുടെ മേൽനോട്ടത്തിൽ പൊലീസ്‌   അന്വേഷണവും പുരോഗമിക്കുന്നു. സോഫ്‌റ്റ്‌ വെയറുമായി  ബന്ധമില്ല വ്യാജ  കെട്ടിട നമ്പർ വിഷയത്തിൽ സോഫ്‌റ്റ്‌ വെയറിനെക്കുറിച്ച്‌ ജീവനക്കാർ പരാതിപ്പെട്ടിട്ടും പരിഹരിച്ചില്ലെന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ കോർപറേഷൻ സെക്രട്ടറി കെ യു ബിനി. ‘‘ഡിജിറ്റൽ ഒപ്പുകൾ മാറിയ സംഭവത്തിൽ  ഫെബ്രുവരിയിലാണ്‌ ഒരു ജീവനക്കാരൻ പരാതി തന്നത്‌.   ഒപ്പുകൾ രേഖപ്പെടുത്തുന്നതിലുണ്ടായ പരാതി  ഇൻഫർമേഷൻ കേരള മിഷൻ പ്രതിനിധികളെ അറിയിച്ചു. ദിവസങ്ങൾക്കകം പരിഹരിച്ചു. നിലവിലെ വിഷയം അനുമതികിട്ടാത്ത കെട്ടിടങ്ങൾക്ക്‌ വ്യാജ നമ്പർ നൽകിയതാണ്‌. സംസ്ഥാനത്താകെ ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ സഞ്ജയ സോഫ്‌റ്റ്‌ വെയറാണ്‌ ഉപയോഗിക്കുന്നത്‌. എല്ലാവർക്കും ഇതിന്റെ യൂസർ ഐഡിയും  വ്യത്യസ്‌ത പാസ്‌വേർഡും നൽകിയിരുന്നു. ജീവനക്കാർ വഴിയോ അല്ലെങ്കിൽ അവരുടെ പാസ്‌വേർഡ്‌ ദുരുപയോഗംചെയ്‌തോ വ്യാജ നമ്പർ നൽകിയതാവുമെന്നാണ്‌ കരുതുന്നത്‌’’ ബിനി പറഞ്ഞു. സമരം മാറ്റി വ്യാജ കെട്ടിട നമ്പർ നൽകിയ സംഭവത്തിൽ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ജീവനക്കാർ തിങ്കൾ മുതൽ നടത്താനിരുന്ന അനിശ്‌ചിതകാല സമരം ബുധനാഴ്‌ചയിലേക്ക്‌ മാറ്റി. മേയർ  ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ  സമര സമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം.  രണ്ട്‌ ദിവസത്തിനുള്ളിൽ ആഭ്യന്തര  അന്വേഷണ റിപ്പോർട്ട്‌ പുറത്ത്‌ വരും. അതനുസരിച്ച്‌ തുടർ നടപടി സ്വീകരിക്കുമെന്നുമാണ മേയർ ആവശ്യപ്പെട്ടത്‌.    Read on deshabhimani.com

Related News