വ്യാപാരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വാണിജ്യമിഷൻ രൂപീകരിക്കണം



 കോഴിക്കോട് സംസ്ഥാനത്തെ വ്യാപാര വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ വാണിജ്യ മിഷൻ രൂപീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.  ഉൽപ്പാദനം പോലെ പ്രാധാന്യമുള്ളതാണ് വിപണനവും. എന്നാൽ, വ്യവസായ മേഖലയ്ക്ക് ലഭിക്കുന്ന പരിഗണന വ്യാപാരമേഖലയ്ക്ക് ലഭിക്കുന്നില്ല. വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക, അങ്ങാടികളുടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുക, പൊതുമേഖലാ ബാങ്കുകൾ നിർത്തിവച്ചിരിക്കുന്ന ട്രേഡേഴ്സ് വായ്പ പുനരാരംഭിക്കുക, വ്യാപാരികൾക്ക് കുറഞ്ഞ പലിശ നിരക്കിലും ലളിത വ്യവസ്ഥയിലും വായ്പ ലഭ്യമാക്കുക, വൻകിട കോർപറേറ്റുകളോട് മത്സരിക്കാൻ കഴിയുന്ന രീതിയിൽ ചെറുകിട വ്യാപാരികളെ ശക്തിപ്പെടുത്തുക തുടങ്ങിയവ വാണിജ്യ മിഷൻ വഴി നടപ്പാക്കണം.  ചെറുകിട വ്യാപാരികളെ അന്യായ ഒഴിപ്പിക്കലിൽനിന്നും അമിതവാടക വർധനയിൽനിന്നും സംരക്ഷിക്കുന്ന രീതിയിൽ വാടകനിയന്ത്രണ നിയമം സംസ്ഥാനത്ത് നടപ്പാക്കണം. ചെറുകിട വ്യാപാരികളുടെ ഉയർന്ന നിരക്കിലുള്ള വൈദ്യുതി ചാർജിൽ ഇളവ് അനുവദിക്കണം. ഓൺലൈൻ വ്യാപാരം നിയന്ത്രിക്കാനും നടപടിയെടുക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.    സ്വകാര്യ സ്കൂളുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള അനധികൃത വ്യാപാരം തടയുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കച്ചവടക്കാർക്കുള്ള ലൈസൻസ് കാലാവധി അഞ്ചുവർഷമായി ഉയർത്തുക, അളവുതൂക്ക ഉപകരണങ്ങൾ സീൽ ചെയ്യുന്ന കാലാവധി രണ്ടുവർഷമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.  വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വാടകക്കാരായ വ്യാപാരികൾക്ക് ബദൽ സംവിധാനം ഉറപ്പാക്കാൻ നിയമനിർമാണം നടത്തണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സമ്മേളനം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News