ഫ്ലാറ്റിൽ കവർച്ച; മൂന്നുപേർ പിടിയിൽ



കോഴിക്കോട്   മായനാട് ഒഴുക്കരയിലെ നെസ്റ്റ് അപ്പാർട്ട്മെന്റ് ഫ്ലാറ്റിൽ അതിക്രമിച്ചുകയറി കവർച്ച നടത്തിയ മൂന്ന്‌ പേർ പിടിയിൽ. ചേവായൂർ കാളാണ്ടിതാഴം കീഴ്മനതാഴത്തുവീട്ടിൽ അരുൺ ദാസ് (28),  ബേപ്പൂർ മാളിയേക്കൽ പറമ്പിൽ ഇസ്മായിൽ (25), മുണ്ടിക്കൽ താഴം തെക്കേമന ഇടത്തുപറമ്പിൽ അമൽ എന്ന അപ്പു (22)  എന്നിവരെയാണ് മെഡിക്കൽ കോളേജ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.  ഈ ഫ്ലാറ്റ്‌ ഒരു വ്യഭിചാരകേന്ദ്രമായി പ്രവർത്തിച്ചുവരികയായിരുന്നുവെന്ന്‌ പൊലീസ്‌ അറിയിച്ചു. ചേവായൂർ സ്വദേശി ആലുങ്ങൽ വീട്ടിൽ അബ്ദുൽറഷീദ് നടത്തുന്ന ഫ്ലാറ്റിൽ മലപ്പുറം വേങ്ങര അച്ചനമ്പലം സ്വദേശി മൂഴിയാൻ  വീട്ടിൽ അബ്ദുൽജലീലാണ് വ്യഭിചാര കേന്ദ്രം നടത്തിയത്‌.  ഇവിടെയെത്തിയ പ്രതികൾ  യുവതികളെയും യുവാക്കളെയും ആക്രമിച്ച്‌ ഭീഷണിപ്പെടുത്തി 17,000 രൂപയും മൊബൈൽ ഫോണുകളും ജാക്കറ്റും വിലകൂടിയ സൺഗ്ലാസും കവരുകയായിരുന്നു.  ഈ ഫ്ലാറ്റിൽ താമസിപ്പിച്ച ഇതര സംസ്ഥാനക്കാരായ പെൺകുട്ടികളെ സമൂഹ  മാധ്യമങ്ങൾ വഴിയും ഓൺലൈൻ സൈറ്റുകൾ വഴിയും ആവശ്യക്കാർക്ക്‌ നൽകലാണ്‌ രീതി.  കഴിഞ്ഞ 21നാണ്‌ കവർച്ച നടന്നത്‌. പിറവം, സുൽത്താൻ ബത്തേരി സ്വദേശികളായ യുവാക്കൾ ഈ  ഫ്ലാറ്റിൽ എത്തിയിരുന്നു. ഇതറിഞ്ഞ അബ്ദുൽ ജലീലിന്റെ എതിർ സംഘത്തിൽപെട്ട ആളുകൾ ഒറ്റിനൽകിയ വിവരത്തെ തുടർന്നാണ് കവർച്ച‌ക്ക്‌ മൂവർ സംഘമെത്തിയത്‌. അബ്ദുൽ ജലീലിനെയും പ്രതികളെ ഇതിന് സഹായിച്ചവരെയും പിടികൂടാനുണ്ടെന്ന്‌ എസിപി കെ സുദർശൻ പറഞ്ഞു.  പ്രതികളിൽനിന്നും കവർച്ച നടത്തിയ മുതലുകളും  പണവും കണ്ടെടുത്തു. ഇൻസ്പെക്ടർ ബെന്നി ലാലു, സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്ധ്യ ജോർജ്, സിവിൽ പൊലീസ് ഓഫീസർ പി സ്മരുൺ, സിറ്റി ഡൻസാഫ്‌ അംഗങ്ങളായ ഇ മനോജ്, ശ്രീജിത്ത് പടിയത്ത്, എ വി സുമേഷ്, പി ടി ഷഹീർ എന്നിവരുമുണ്ടായി. പ്രതികളെ  വ്യാഴാഴ്‌ച  കോടതിയിൽ ഹാജരാക്കും. Read on deshabhimani.com

Related News