ബാലുശേരി മണ്ഡലത്തിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നു



ബാലുശേരി ബാലുശേരി നിയോജക മണ്ഡലത്തിലെ 160 വാർഡുകളിലും മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നു. തുടക്കത്തിൽ ഒരേക്കറിൽ കൃഷി ചെയ്യുകയാണ് ലക്ഷ്യം. ഔഷധ ഗുണം ഏറെയുള്ള മഞ്ഞളിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നതോടൊപ്പം മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും ലക്ഷ്യംവയ്ക്കുന്നു. മഞ്ഞൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കൾ രാവിലെ 9.30ന് ബാലുശേരി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ ശില്പശാല സംഘടിപ്പിക്കും. കോഴിക്കോട് അടക്ക–- സുഗന്ധവിള വികസന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് ശില്പശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനംചെയ്യും. മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ഒരു വാർഡിൽനിന്ന്‌ ഒരു പ്രതിനിധിയടക്കം പഞ്ചായത്തിൽനിന്ന്‌ പരമാവധി 20 പേർക്ക് പങ്കെടുക്കാം. ശില്പശാലയിൽ മഞ്ഞൾ കൃഷിയും കീടനിയന്ത്രണവും എന്ന വിഷയത്തിൽ വിദഗ്‌ധർ ക്ലാസെടുക്കും.  മണ്ഡലത്തിലെ കാർഷിക പ്രവർത്തനങ്ങൾ എകീകരിക്കുന്നതിനായി വാർഡ് തലത്തിൽ  കാർഷിക സമിതികൾ രൂപീകരിക്കും. പഞ്ചായത്തടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലും സമിതികൾ നിലവിൽവരും. വിവിധ സഹായങ്ങൾ സർക്കാരിൽനിന്ന്‌ ഇതിനായി ലഭ്യമാക്കുമെന്ന് കെ എം സച്ചിൻദേവ് എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News