മെഡി. കോളേജ്‌ അത്യാഹിതവിഭാഗം പുതിയ ബ്ലോക്കിൽ ആരംഭിച്ചു



കോഴിക്കോട്  മെഡിക്കൽ കോളേജ്‌ ആശുപത്രി അത്യാഹിത വിഭാഗം  പിഎംഎസ്എസ്‌വൈ ബ്ലോക്കിൽ പ്രവർത്തനമാരംഭിച്ചു. ശനി രാവിലെ 8.30 ഓടെയാണ് പ്രവേശനം തുടങ്ങിയത്‌.  ഡോ. അഖിൽ, ഡോ. ബിൻസി എന്നിവർ മെഡിസിൻ വിഭാഗത്തിലും ഡോ. അജിൻ സർജറി വിഭാഗത്തിലും മെഡിക്കൽ ഓഫീസർമാരായി പ്രവർത്തിച്ചു.  നഴ്സുമാർ, ടെക്നീഷ്യന്മാർ ഉൾപ്പെടെ ആശുപത്രി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പ്രവേശിപ്പിക്കപ്പെട്ട പെരുമണ്ണ സ്വദേശി ചെറിയ വട്ടക്കളത്തിൽ ചോയിക്കുട്ടിയാണ് (72) ആദ്യം രജിസ്റ്റർ ചെയ്യപ്പെട്ട രോഗി. തലക്കുളത്തൂർ പഞ്ചായത്തിലെ പുറക്കാട്ടിരി അങ്ങാടിയിൽ റോഡ് മുറിച്ച് കടക്കുമ്പോഴുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ എരവത്ത് അശോകനാ(67)ണ്  ആദ്യ സർജറിക്ക് വിധേയനായത്‌. പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി, വൈസ് പ്രിൻസിപ്പൽ ഡോ. കെ ജി  സജീത്ത് കുമാർ, സൂപ്രണ്ട് എം പി  ശ്രീജയൻ, നോഡൽ ഓഫീസർ ഡോ. ദിനേശൻ, മെഡിസിൻ വിഭാഗം മേധാവി ഡോ. ജയേഷ് എന്നിവരും വിവിധ വകുപ്പ് മേധാവികളും പ്രവർത്തനം വീക്ഷിക്കാൻ എത്തിയിരുന്നു. രോഗികളെ സഹായിക്കാനും അവശേഷിക്കുന്ന ഉപകരണങ്ങൾ എത്തിക്കാനും വളന്റിയർമാർ നേരത്തെ എത്തിയിരുന്നു. പഴയ അത്യാഹിതവിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനം ഞായറാഴ്ചവരെ തുടരും. വെള്ളി വരെ ഇവിടെ പ്രവേശിപ്പിച്ചവരെ വാർഡിലേക്ക് മാറ്റിയതും ഡിസ്ചാർജ്‌ ചെയ്‌തതുമെല്ലാം ഇവിടെ നിന്നുതന്നെയാണ്. Read on deshabhimani.com

Related News