ഗവേഷണം തുടങ്ങി

കാപ്പാട് തീരത്തെത്തിയ ശാസ്ത്ര സംഘത്തോടൊപ്പം കാനത്തില്‍ ജമീല എംഎല്‍എ, മൈനര്‍ ഇറിഗേഷന്‍ എക്‌സി. എൻജിനിയര്‍ ഷാലു സുധാകരന്‍ തുടങ്ങിയവര്‍ സ്ഥല പരിശോധന നടത്തുന്നു


  കൊയിലാണ്ടി കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന കാപ്പാട് -തുവ്വപ്പാറ മുതല്‍ കൊയിലാണ്ടി വലിയ മങ്ങാട് വരെയുള്ള മൂന്നര കിലോമീറ്ററില്‍ തീരസംരക്ഷണ നടപടി തുടങ്ങി. സംസ്ഥാനത്ത്‌ കൂടുതല്‍ കടലാക്രമണ ഭീഷണിയുള്ള പത്ത് ഹോട്ട് സ്‌പോട്ടുകളിൽ ഉള്‍പ്പെട്ടതാണ് കാപ്പാട് തീരം. ഈ സാഹചര്യത്തിലാണ്‌ ഇവിടെ പ്രത്യേക മേഖലയായി തിരിച്ച്‌ കടല്‍ത്തീരം സംരക്ഷിക്കാന്‍ നടപടിയായത്. ചെന്നൈ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് ഉദ്യോഗസ്ഥരും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ വിദഗ്‌ധരും കാപ്പാടെത്തി പരിശോധന ആരംഭിച്ചു. രണ്ടാഴ്ചയോളം വിദഗ്ധ സംഘം കാപ്പാടുണ്ടാവും.  ചെന്നൈയില്‍നിന്ന്‌ കൊണ്ടുവരുന്ന നാല് വലിയ ബോട്ടുകളില്‍ സ്ഥാപിച്ച അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് സംഘം ഇവിടെ ഗവേഷണം നടത്തും. കടലിന്റെ ആഴം, തിരമാലകളുടെ ശക്തി, കാറ്റിന്റെ ഗതി, കടലിന്റെ സ്വഭാവം തുടങ്ങിയ കാര്യങ്ങൾ പഠിക്കും. തീരത്തുനിന്ന് ഏകദേശം നാല് കിലോമീറ്റര്‍ പരിധിയിലാണ് പഠനം നടത്തുക. ഇതിനായി കടലിലും ചില  ഉപകരണങ്ങള്‍ സ്ഥാപിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ചീഫ് സയന്റിസ്റ്റ് എസ് ജയകുമാര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരായ യു എസ് പാണ്ടെ, സത്യ കിരണ്‍ രാജു, ഡോ. ജസ്ബിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് പഠന ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മൈനര്‍ ഇറിഗേഷന്‍ വിഭാഗം സാങ്കേതിക സഹായങ്ങള്‍ നല്‍കും. തുടർന്ന്‌ തീര സംരക്ഷണത്തിനുള്ള രൂപരേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.  വിദഗ്‌ധ സംഘം കാനത്തില്‍ ജമീല എംഎല്‍എയുമായി ചര്‍ച്ച നടത്തി. മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എൻജിനിയര്‍ ഷാലു സുധാകരന്‍, അസി. എൻജിനിയര്‍ പി സരിന്‍, ഓവര്‍സിയര്‍ റമീസ് അഹമ്മദ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ഗവേഷണത്തിന്റെ ഭാഗമായി വലിയ മങ്ങാട് മുതല്‍ തുവ്വപ്പാറ വരെയുള്ള നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ചില ഉപകരണങ്ങള്‍ സ്ഥാപിച്ചതിനാല്‍ ഈ ഭാഗത്ത് മീന്‍ പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News