ശൗര്യചക്ര ഓർമയിൽ ശ്രീജിത്ത്‌; 
അഭിമാനത്തോടെ നാട്‌

ജവാൻ ശ്രീജിത്ത് സ്മൃതി മണ്ഡപം


  കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി നായിക്‌ സുബേദാർ എം ശ്രീജിത്തിന് മരണാനന്തര ബഹുമതിയായി രാജ്യം ബുധനാഴ്‌ച ശൗര്യചക്ര സമർപ്പിക്കും. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച പ്രിയപ്പെട്ടവന്റെ ഓർമയുമായി പൂക്കാട് പടിഞ്ഞാറെ തറയിലെ മയൂരം വീട്ടിൽ കുടുംബം ഒന്നിച്ചുകൂടി. ശ്രീജിത്തിന്റെ ഓർമക്കായി നിർമിച്ച മണ്ഡപത്തിനുമുന്നിൽ അച്ഛൻ വത്സനും അമ്മ ശോഭയും ഭാര്യ ഷജിനയും മക്കളായ അതുൽ ജിത്തും തൻമയ ലക്ഷ്മിയും കണ്ണീരണിഞ്ഞു. 2021 ജൂലൈ 8നാണ് കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിൽ ദാദൽ വനമേഖലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറിയ പാക് തീവ്രവാദികളെ സുബേദാർ എം ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം നേരിട്ടത്. തീവ്രവാദികളുടെ ആക്രമണത്തിൽ ശ്രീജിത്തും സിപായി ജസ്വന്ത് റെഡ്ഡിയും കൊല്ലപ്പെട്ടു. കൗമാരപ്രായത്തിൽ തന്നെ സൈനിക സേവനത്തിനായിറങ്ങിയ ശ്രീജിത്ത്  നാൽപ്പത്തിരണ്ട്‌ വയസ്സിനിടയിൽ രാഷ്ട്രപതിയുടേതുൾപ്പെടെ 23 പുരസ്‌കാരങ്ങളാണ് നേടിയത്. രാജ്യരക്ഷക്കായി അദ്ദേഹം അനുഷ്‌ഠിച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് റിപ്പബ്ലിക് ദിനത്തിൽ ശൗര്യചക്രയെന്ന ഉന്നത സൈനിക ബഹുമതി നൽകാൻ രാഷ്ട്രം തീരുമാനിച്ചത്. ശ്രീജിത്ത്, ജസ്വന്ത് റെഡ്ഡി ഉൾപ്പെടെ 12 പേർക്കാണ് ശൗര്യചക്ര നൽകുന്നത്. റിപ്പബ്ലിക് ദിനത്തിൽ കലിക്കറ്റ് സൈനിക കൂട്ടായ്മ സുബേദാർ ശ്രീജിത്തിന്റെ വീട്ടിൽ നിർമിച്ച സ്മൃതിമണ്ഡപം ബ്രിഗേഡിയർ ഇ ഗോവിന്ദ് സമർപ്പിക്കും.   Read on deshabhimani.com

Related News