പ്രതിഭകളെ രാകിമിനുക്കിയവർ പടിയിറങ്ങുന്നു

വിരമിക്കുന്ന അധ്യാപകർ ഒളിമ്പ്യൻ അബ്ദുറഹ്മാൻ സ്‌റ്റേഡിയത്തിൽ ഒത്തുചേർന്നപ്പോൾ


കോഴിക്കോട്‌ സംസ്ഥാന സ്കൂൾ കായികമേളയിലേക്കും ദേശീയ അത്‌ലറ്റിക്‌സ്‌ മീറ്റുകളിലേക്കും  നിരവധി കായിക താരങ്ങളെ സമ്മാനിച്ച ജില്ലയിലെ 30 കായിക അധ്യാപകർ പടിയിറങ്ങുന്നു. ജില്ലാ കായികമേള കൊടിയിറങ്ങിയ ദിവസം ഇവർക്ക്‌ ഹൃദ്യമായ യാത്രയയപ്പ്‌ നൽകി.  മിന്നും താരങ്ങളെ വളർത്തിയെടുത്ത  ടോമി ചെറിയാനാണ്‌ പടിയിറങ്ങുന്നവരിലെ പ്രധാനി.   മുപ്പതു വർഷത്തിലേറെയായി ഈ രംഗത്ത്‌ തുടരുന്ന പന്തീരാങ്കാവ്‌ എച്ച്‌എസിലെ വി കെ രാജീവൻ, നടക്കാവ്‌ ഗവ. ഹയർ സെക്കൻഡറിയിലെ എ മുസ്‌തഫ, വെങ്ങപ്പറ്റ ഹൈസ്‌കൂളിലെ അബ്ദുൾ ലത്തീഫ്‌, വെസ്‌റ്റ്‌ഹിൽ സെന്റ്‌ മൈക്കിൾസ്‌ എച്ച്‌എസ്‌എസിലെ സോണി തോമസ്‌, കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറിയിലെ  കെ ബി മനോജ്‌ കുമാർ, ആഴ്‌ചവട്ടം ഹയർസെക്കൻഡറിയിലെ മീനാംബിക, ഇയ്യാട്‌ സ്‌കൂളിലെ സുനിൽദത്ത്‌, പാലോറ എച്ച്‌എസ്‌എസിലെ പി എം രമേശൻ എന്നിവരും വിരമിക്കുന്നവരുടെ കൂട്ടത്തിലുണ്ട്‌.    ടോമി ചെറിയാൻ നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകനാണ്‌.  1988ൽ പുന്നക്കൽ സെന്റ്‌ സെബാസ്‌റ്റ്യൻ എച്ച്‌എസിലായിരുന്നു തുടക്കം. 90ൽ പിഎസ്‌സി നിയമനം കിട്ടി. 98ൽ ബംഗളൂരുവിലെ എൻഐഎസിൽ നിന്ന്‌ അത്‌ലറ്റിക്‌സിൽ ഡിപ്ലോമ നേടി. 2003ൽ ജനകീയ കൂട്ടായ്‌മയിൽ പുല്ലൂരാംപാറയിൽ മലബാർ അക്കാദമി സ്ഥാപിച്ചതോടെ സാധാരണക്കാരായ കുട്ടികളുടെ കായിക പരിശീലനകേന്ദ്രമായി ഇതു മാറി. അനുമറിയം ജോസ്‌, ജി ചിഞ്ചു ജോസ്‌, സി എം  സിന്ധുമോൾ, എ വിജില, ആർ അനു, അപർണ റോയ്‌, ലിസിബത്ത്‌ കരോളിൻ ജോസ്‌, തെരേസ ജോസഫ്‌, ബീനിഷ്‌ ജേക്കബ്‌, മുഹ്‌സിന മുഹമ്മദ്‌ തുടങ്ങി പ്രശസ്‌തരായ ശിഷ്യഗണങ്ങളുണ്ട്‌ ടോമിക്ക്‌.   വിജയികളെയല്ല,  മികവുള്ളവരെ കണ്ടെത്തി  വിക്‌റ്ററി സ്‌റ്റാൻഡിൽ നിർത്തുന്നതായിരുന്നു ടോമി ചെറിയാന്റെ രീതി.  വിരമിക്കലിന്‌ ശേഷവും കായിക പരിശീലകനായി കൂടുതൽ സമയം ചെലവഴിക്കാനാണ്‌ തീരുമാനം. Read on deshabhimani.com

Related News