വീട്ടിൽ ബ്രൗൺഷുഗർ വിൽപ്പന; അമ്മാവനും മരുമകനും അറസ്റ്റിൽ



കോഴിക്കോട് വീട്ടിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ അമ്മാവനും മരുമകനും അറസ്റ്റിൽ. മാറാട് കട്ടയാട്ട് പറമ്പിൽ കെ പി കമാലുദീൻ (45),  മരുമകൻ ബേപ്പൂർ ഇരട്ടച്ചിറ നെല്ലിശ്ശേരി ഹൗസിൽ എൻ ആഷിഖ്‌ (25) എന്നിവരാണ്‌ പിടിയിലായത്‌. മാറാട് വായനശാല ഭാഗത്തെ കമാലുദീന്റെ വീട്ടിൽനിന്നാണ്‌ 60 ഗ്രാം ബ്രൗൺ ഷുഗറുമായി ഇരുവരെയും പിടികൂടിയത്‌.  പാളയത്ത് ഉന്തുവണ്ടി കച്ചവടം നടത്തുന്ന കമാലുദീൻ ബേപ്പൂർ ഹാർബറിലെ ബോട്ട്‌ തൊഴിലാളിയായ ആഷിഖിനെയും കൂട്ടി മയക്കുമരുന്ന് കച്ചവടം തുടങ്ങുകയായിരുന്നു. രാജസ്ഥാനിൽനിന്നാണ് ബ്രൗൺ ഷുഗർ കൊണ്ടുവന്നത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ നാല് ലക്ഷത്തോളം രൂപ വിലവരും. ഇരുവരും ലഹരിക്ക് അടിമയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ജില്ലാ ലഹരി വിരുദ്ധ പ്രത്യേക സേന ആഴ്ചകളായി വീട് നിരീക്ഷിച്ചുവരികയായിരുന്നു.   ആഷിഖിനെതിരെ കസബ, ഫറോക്ക്, മാറാട്, ബേപ്പൂർ എന്നീ സ്റ്റേഷനുകളിലായി കഞ്ചാവ്, കളവ്, പിടിച്ചുപറി എന്നിവയിലായി 13 കേസുണ്ട്. നർക്കോട്ടിക് സെൽ അസി. കമീഷണർ ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള  ജില്ലാ ലഹരി വിരുദ്ധ പ്രത്യേക സേനയും മാറാട് ഇൻസ്പെക്ടർ എൻ രാജേഷ് കുമാർ, എസ്‌ഐ വിനോദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ്‌ പ്രതികളെ പിടികൂടിയത്‌. Read on deshabhimani.com

Related News