പ്രതിയെ വിട്ടുകിട്ടാൻ കസ്‌റ്റഡി അപേക്ഷ



കോഴിക്കോട്‌ സിപിഐ എം  ജില്ലാ കമ്മിറ്റി ഓഫീസിനു ബോംബെറിഞ്ഞ്‌ ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതി നാദാപുരം പുറമേരി സ്വദേശി കൂരാരത്ത്‌ വീട്ടിൽ നജീഷിനെ മൂന്ന്‌ ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷക സംഘം കോടതിയിൽ അപേക്ഷ നൽകി. ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി അപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും.   ദുബായിലേക്ക്‌ കടന്ന പ്രതി വെള്ളിയാഴ്‌ചയാണ്‌ അറസ്‌റ്റിലായത്‌.  വിമാനത്താവളത്തിൽ എത്തിച്ച പ്രതിയെ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി ടി സജീവന്റെ നേതൃത്വത്തിൽ പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി അറസ്‌റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്ത്‌ എത്തിച്ച്‌  തെളിവെടുത്തു. വടകരയിൽനിന്നും ലോറിയിൽ  ഒന്നാം പ്രതി ഷിജിനൊപ്പം എത്തിയ നജീഷും ആർഎസ്‌എസ്‌ കാര്യവാഹ്‌ വെള്ളയിൽ സ്വദേശി രൂപേഷുമായി ചേർന്നാണ്‌ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിന്റെ പിറകുവശത്തെത്തി ബോംബെറിഞ്ഞത്‌.  സംഭവ ശേഷം നജീഷും ഷിജിനും കെഎസ്‌ആർടിസി ബസ്സിൽ കയറിയാണ്‌ നാട്ടിലേക്ക്‌ മടങ്ങിയതെന്ന്‌ പ്രതി മൊഴി നൽകി.  കേസിൽ മൂന്ന്‌ പ്രതികളും അറസ്റ്റിലായതോടെ, ഗൂഢാലോചനയിൽ പങ്കാളികളായവരിലേക്ക്‌ അന്വേഷണം വ്യാപിപ്പിക്കാനാണ്‌ പൊലീസ്‌ ഉദ്ദേശിക്കുന്നത്‌. Read on deshabhimani.com

Related News