മോശം കാലാവസ്ഥ; ലക്ഷദ്വീപിലേക്കുള്ള 
ചരക്കുനീക്കം മുടങ്ങി

ബേപ്പൂർ തുറമുഖത്ത് ചരക്കുകയറ്റി ലക്ഷദ്വീപിലേക്കു പോകാൻ തയാറെടുത്ത ഉരു


ഫറോക്ക്  ലക്ഷദ്വീപ് മേഖലയിൽ കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന ശക്തമായ കാറ്റും മഴയും കാരണം ബേപ്പൂർ തുറമുഖത്തു നിന്ന്‌ ചരക്കുകയറ്റി പോകുന്ന ഉരു യാത്ര റദ്ദാക്കി. മൺസൂൺകാല നിയന്ത്രണം നീങ്ങിയതിനു ശേഷം വെള്ളിയാഴ്ച രാവിലെ ആദ്യമായി പുറപ്പെടേണ്ട രണ്ടു ഉരുക്കളുടെ യാത്രയാണ് മുടങ്ങിയത്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി കയറ്റിയ ടൺ കണക്കിന് ചരക്കുകൾക്കൊപ്പം നിരവധി  കന്നുകാലികളും ഉരുവിലുണ്ട്‌. ഇവയെ  തിരിച്ചിറക്കിയേക്കും. കൂടാതെ കെട്ടിട നിർമാണത്തിനായുള്ള മെറ്റൽ, സിമന്റ്‌, എം -സാന്റ്‌, ഹോളോബ്രിക്സ്, മര ഉരുപ്പടികൾ തുടങ്ങിയവയാണ് പ്രധാനമായുമുള്ളത്. ആന്ത്രോത്ത് ദ്വീപിലേക്ക് "ശാലോം,’ കൽപ്പേനിയിലേക്ക് "ശ്രീ മുരുകൻ തുണൈ’ എന്നീ ഉരുക്കളായിരുന്നു വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്നത്. ഇതിനു പുറമെ കൈരളി, കറപ്പു മുത്തു എന്നീ ഉരുക്കളും യാത്രയ്ക്ക് അനുമതി തേടിയിരുന്നു. അതേസമയം ഔദ്യോഗികമായി പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും വെള്ളിയാഴ്ച വൈകിട്ടുവരെയും ലഭിച്ചിട്ടില്ലെന്നും വെസലുകൾക്ക് നേരത്തെ യാത്രാനുമതി നൽകിയിട്ടുണ്ടെന്നും ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റർ ഹരി അച്യുത വാര്യർ ദേശാഭിമാനിയോട് പറഞ്ഞു. Read on deshabhimani.com

Related News