വനാതിർത്തിയിലെ 
200 ഏക്കർ ഏറ്റെടുക്കും



പേരാമ്പ്ര ചക്കിട്ടപാറ പഞ്ചായത്തിൽ വനാതിർത്തിയോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി അക്വിസിഷൻ നടത്തി വനംവകുപ്പ് ഏറ്റെടുക്കും. വന്യമൃഗശല്യവും ഉരുൾപൊട്ടൽ പോലുള്ള കാലവർഷക്കെടുതികളും കണക്കിലെടുത്താണ് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്നത്. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട്, മാവട്ടം, കരിങ്കണ്ണി, താളിപാറ, രണ്ടാം ചീളി എന്നീ പ്രദേശങ്ങളിലെ 126 കുടുംബങ്ങളുടെ 200 ഏക്കർ ഭൂമി സ്വയംസന്നദ്ധ പുനരധിവാസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഏറ്റെടുക്കുക. രണ്ട് ഹെക്ടർവരെയുള്ള ഒരു യൂണിറ്റിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഭൂമി വിട്ടുനൽകുന്ന 126 കുടുംബങ്ങൾക്കുമായി 19 കോടി രൂപ വിതരണംചെയ്യും.  പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷനിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഭൂമി ഏറ്റെടുക്കുന്നതിൽ അന്തിമ തീരുമാനമായി. നികുതി ശീട്ട് മാത്രമുള്ള ഭൂഉടമകളിൽനിന്ന്‌ അപേക്ഷ വാങ്ങി കലക്ടറുടെ സാന്നിധ്യത്തിൽ നടക്കുന്ന സംയുക്ത യോഗത്തിൽ ഭൂമി  ഏറ്റെടുത്ത്  നഷ്ടപരിഹാരം നൽകും. ആധാരം മാത്രമുള്ളവർക്ക് ഭൂമി രജിസ്റ്റർ ചെയ്ത ശേഷം നഷ്ടപരിഹാരം നൽകാനും പട്ടയം മാത്രമുള്ള ഭൂമി പട്ടയംവച്ച് ആധാരം രജിസ്റ്റർചെയ്തശേഷം നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചു.  യോഗത്തിൽ ടി പി രാമകൃഷ്ണൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിൽ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ, നോർത്തേൺ സർക്കിൾ ഡിഎഫ്ഒ എം രാജീവൻ, പദ്ധതി നോഡൽ ഓഫീസർ സാബി വർഗീസ്, മറ്റ്‌ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News