‘ഓണത്തിനൊരു മുറം പച്ചക്കറി’ തൈ തരാം, വിത്തും



  കോഴിക്കോട്‌ സ്വന്തം അടുക്കളത്തോട്ടത്തിലെ പച്ചക്കറിയുമായി ഓണസദ്യയൊരുക്കാൻ ജില്ലയിൽ വിപുലമായ ഒരുക്കം. മൂന്നുലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യമായി പച്ചക്കറിത്തൈകളും വിത്തുപാക്കറ്റുകളും വിതരണം ചെയ്യും. 1.80 ലക്ഷം വിത്തുപാക്കറ്റുകളും ആറുലക്ഷം തൈകളുമാണ്‌ തയ്യാറാക്കുന്നത്‌. 10 മുതൽ 20 സെന്റിൽവരെ കൃഷി ചെയ്യാനുള്ള വിത്തുകളാണ്‌ നൽകുക. കോവിഡ്‌ കാലത്ത്‌ വിജയകരമായി പരീക്ഷിച്ച ‘ഓണത്തിനൊരു മുറം  പച്ചക്കറി’ പദ്ധതി പ്രകാരമാണിത്‌.  വെണ്ട, വഴുതിന, പയർ, മുളക്‌ എന്നിവയുടെ ആറുലക്ഷം തൈകൾ സർക്കാർ കൃഷിഫാമുകളിലും കൃഷി വകുപ്പിന്റെ നഴ്‌സറികളിലുമായി തയ്യാറായി. രണ്ടാഴ്‌ച മുതൽ ഒരുമാസം വരെ വളർച്ചെയെത്തിയ തൈകളാണ്‌ നൽകി തുടങ്ങിയത്‌. ചീര, വെണ്ട, പയർ, കയ്‌പ, മത്തൻ, വഴുതിന തുടങ്ങിയ വിത്തുകളാണ്‌ പാക്കറ്റിലുണ്ടാവുക. മഴക്കാല കൃഷിക്ക്‌ അനുയോജ്യമായ അത്യുൽപ്പാദന ശേഷിയും പ്രതിരോധശേഷിയുമുള്ള വിത്തുകളാണ്‌ ഇവയെന്ന്‌ കാർഷിക വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ എസ്‌ സപ്‌ന പറഞ്ഞു.  ഓണക്കാലത്തെ ആവശ്യവും വിലക്കയറ്റവും മുന്നിൽ കണ്ടാണ്‌ സർക്കാർ നടപടി. കർഷകർ, വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, കാർഷിക കൂട്ടായ്‌മകൾ എന്നിവർക്കെല്ലാം കൃഷി ഭവൻ മുഖേന വിത്തുനൽകും. സ്‌കൂളുകൾക്ക്‌ പച്ചക്കറി തോട്ടമൊരുക്കാനുള്ള തൈകളും നൽകും. Read on deshabhimani.com

Related News