ഗവ. മെഡിക്കൽ കോളേജിൽ ട്രാൻസ്‌ജെൻഡറുകൾക്ക്‌ 
ഹോർമോൺ ചികിത്സ വരുന്നു



  കോഴിക്കോട്‌ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ട്രാൻസ്‌ജെൻഡറുകൾക്ക്‌ ഹോർമോൺ ചികിത്സ തുടങ്ങുന്നു.  സ്വകാര്യ ആശുപത്രികളിൽ  വൻതുക ഈടാക്കുന്ന പരിശോധനയും ചികിത്സയുമാണ്‌ സൗജന്യമായി ലഭിക്കുക. പ്രായപൂർത്തിയാകുന്ന ഒരാളിലെ ആൺ–-പെൺ ഹോർമോൺ വ്യതിയാനം കണ്ടെത്തുകയാണ്‌ ചികിത്സയിൽ പ്രധാനം. നിലവിൽ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ്‌ ഇതിന്‌ സൗകര്യമുള്ളത്‌. ട്രാൻസ്‌ വിഭാഗത്തിന്റെ ജനിതകഘടനയെക്കുറിച്ച്‌ പഠനം നടത്തിയേ ഹോർമോൺ വ്യതിയാനത്തിന്‌ ചികിത്സ നൽകാനാവൂ. സർക്കാർ മെഡിക്കൽ കോളേജുകളിൽ  മെഡിസിൻ വിഭാഗത്തിന്‌ കീഴിൽ എൻഡോ ക്രൈനോളജി ഒപിയിൽ ഹോർമോൺ പരിശോധന ഉണ്ടെങ്കിലും വിദഗ്‌ധ ഡോക്ടർമാർ ഇല്ലാത്തതിനാൽ ചികിത്സ ലഭ്യമല്ല. കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം അസി. പ്രൊഫസർ  ഡോ. ഇ ഡാനിഷ്‌, ഭിന്നലിംഗക്കാർ ഉൾപ്പെടുന്ന എൽജിബിടിഐക്യുഎ (ലെസ്‌ബിയൻ, ഗേ, ബൈസെക്‌ഷ്വൽ, ട്രാൻസ്‌, ഇന്റർസെക്‌സ്‌, ക്വീർ, എസെക്‌ഷ്വൽ)  വിഭാഗത്തിന്റെ ശാരീരിക മാനസിക പ്രശ്‌നങ്ങളിൽ പഠനം പൂർത്തിയാക്കി അന്തർദേശീയ സർട്ടിഫിക്കറ്റ്‌ നേടിയിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാവും ഹോർമോൺ ചികിത്സ. ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ ചികിത്സ തുടങ്ങും.  സ്വകാര്യ ആശുപത്രികളിൽ ആദ്യഘട്ട പരിശോധനയ്‌ക്കുമാത്രം മൂവായിരം രൂപയാകും. തുടർന്ന്‌ എല്ലാ മാസവും ശരീരത്തിലെ വിവിധ ഘടകങ്ങളുടെ പരിശോധന നടത്തണം. ട്രാൻസ്‌ജെൻഡർ അല്ലാത്തവരിലും പുരുഷ–-സ്‌ത്രീ ഹോർമോണിൽ വ്യത്യാസം വരാം. ഹോർമോൺ ചികിത്സ ഫലപ്രദമല്ലെങ്കിൽ മാത്രമാണ്‌ ശസ്‌ത്രക്രിയയിലേക്ക്‌ കടക്കുക. സർക്കാർ മേഖലയിൽ ഹോർമോൺ പരിശോധന ആരംഭിക്കുന്നത്‌ വലിയ  ആശ്വാസമാണെന്ന്‌ ട്രാൻസ്‌ജെൻഡർ സഞ്‌ജന ചന്ദ്രൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. പലർക്കും വർഷങ്ങളോളം തുടർചികിത്സ വേണ്ടിവരും. മലബാറിലെ ട്രാൻസ്‌ സമൂഹം  ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രികളെയാണ്‌ ആശ്രയിക്കുന്നതെന്നും അവർ പറഞ്ഞു. Read on deshabhimani.com

Related News