ഇങ്ങനെ പോരാ 
അവരുടെ ആശുപത്രി

പുറക്കാട്ടിരിയിലെ ആയുർവേദ ചികിത്സാകേന്ദ്രം


സ്വന്തം ലേഖകൻ കോഴിക്കോട്‌  ‘‘മൂന്നുവയസുകാരൻ എങ്ങനെയാണോ പെരുമാറുക, അതുപോലെയാണ്‌ എന്റെ ചാരുചന്ദ്രൻ. 27 വയസുണ്ടവന്‌. ഒരു പേപ്പറും കുറച്ച്‌ പേനകളും കിട്ടിയാൽ  രാവിലെ മുതൽ വൈകിട്ടുവരെ പൂക്കളുടെ പടം വരയ്‌ക്കും. കാഴ്‌ചയിൽ സാധാരണ കുട്ടികളിൽനിന്ന്‌ വ്യത്യാസമൊന്നുമില്ല. ഇത്തരം ആയിരക്കണക്കിന്‌ കുട്ടികളുണ്ട്‌ ഇവിടെ. അവർക്കുള്ള ചികിത്സാകേന്ദ്രത്തിന്‌ ഈ പരിഗണന മതിയോ?’’– ഡോ. ഡി കെ  ബാബുവെന്ന രക്ഷിതാവിന്റെ ചോദ്യത്തിലുണ്ട്‌ രക്ഷിതാക്കളുടെ ദൈന്യമത്രയും.  ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ ചികിത്സയ്‌ക്കും പരിശീലനത്തിനും സർക്കാർ മേഖലയിലെ കേരളത്തിലെ ഏക ആയുർവേദ ചികിത്സാകേന്ദ്രം പുറക്കാട്ടിരിയിലെ എ സി ഷൺമുഖദാസ്‌ സ്‌മാരക ആശുപത്രിയായിരുന്നു. ഈ ആശുപത്രിയുടെ  ദൈന്യതയിലേക്കാണ്‌ രക്ഷിതാക്കൾ വിരൽചൂണ്ടുന്നത്‌.  2015ൽ തുടങ്ങിയ ആശുപത്രി ഇപ്പോഴും സർക്കാരിന്റെ കീഴിലല്ല. ജില്ലാ ആയുർവേദ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായാണ്‌  പ്രവർത്തനം. ചികിത്സാനേട്ടം നിരത്താനുണ്ടെങ്കിലും  65 ജീവനക്കാരിൽ മൂന്നുപേർ ഒഴിച്ചുള്ളവർ താൽക്കാലികക്കാരാണ്‌. എല്ലാ വർഷവും പിരിച്ചുവിട്ട്, പുനർനിയമനം നൽകുകയാണ്‌ പതിവ്‌. സ്ഥിരം ജീവനക്കാരായ മൂന്നുപേരിൽ സൂപ്രണ്ട്‌ ഒഴികെയുള്ളവർക്ക്‌ മറ്റിടങ്ങളിൽ ചാർജുമുണ്ട്‌. നാമമാത്രമായ ചെലവിൽ മികച്ച ചികിത്സയും പരിചരണവും  കിടത്തി ചികിത്സയും ലഭിക്കുന്നതിനാൽ എപ്പോഴും തിരക്കാണ്‌. ജീവനക്കാരിൽ 62 പേരുടെ കാലാവധി തീർന്നതിനാൽ ഈയിടെ ആശുപത്രി പ്രവർത്തനം താളംതെറ്റി. മന്ത്രി എ കെ ശശീന്ദ്രൻ ആരോഗ്യമന്ത്രിയുമായി സംസാരിച്ച്  ക്രമീകരണമുണ്ടാക്കിയാണ്‌ ചികിത്സ ഉറപ്പാക്കിയത്‌. ജില്ലാ പഞ്ചായത്ത്‌ നിയമിച്ച 32 പേർക്ക്‌ ജൂൺ 30വരെ നിയമനം ദീർഘിപ്പിച്ചു നൽകി. വേണം,  അന്താരാഷ്ട്ര 
നിലവാരം  നാലേക്കറിലുള്ള പുറക്കാട്ടിരി ആശുപത്രിയെ അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സയും പരിശീലനവും ഗവേഷണവും പഠനവും ഉറപ്പാക്കുന്ന കേന്ദ്രമായി വികസിപ്പിക്കാനുള്ള രൂപരേഖ  സർക്കാരിന്‌ സമർപ്പിച്ചിട്ടുണ്ട്‌.  ഇതിന്‌ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ  കുറഞ്ഞ സ്ഥിരം നിയമനങ്ങൾ ആവശ്യപ്പെട്ടുള്ള  നിർദേശവും സർക്കാരിന്‌ നൽകിയിരുന്നു.  ശ്രദ്ധക്ഷണിക്കൽ 
ഇന്ന്‌  പുറക്കാട്ടിരി ആശുപത്രിയിൽ സർക്കാരിന്റെ സത്വര ശ്രദ്ധ ആവശ്യപ്പെട്ട്‌ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ ‘പരിവാർ’ വ്യാഴാഴ്‌ച ആശുപത്രിക്ക്‌ മുന്നിൽ  ശ്രദ്ധക്ഷണിക്കൽ ധർണ നടത്തും. രാവിലെ 10ന്‌ ഡോ. മെഹറൂഫ്‌ രാജ്‌ ഉദ്‌ഘാടനം ചെയ്യും.  ജീവനക്കാർക്ക്‌ സ്ഥിരനിയമനം നൽകുക, പുറക്കാട്ടിരി മാതൃകയിൽ എല്ലാ ജില്ലയിലും  ആശുപത്രികൾ തുടങ്ങുക, പുറക്കാട്ടിരി ആശുപത്രി ഭിന്നശേഷി സൗഹൃദമാക്കുക, നിയമനത്തിൽ താൽക്കാലിക ജീവനക്കാർക്കും ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കും മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ഉന്നയിക്കുന്നത്‌. Read on deshabhimani.com

Related News