നഗരം ഏഴഴകിലേക്ക്‌



കോഴിക്കോട്  രാജ്യത്തെ മികച്ച ശുചിത്വ സംസ്കാരമുള്ള നഗരമാക്കി കോഴിക്കോടിനെ മാറ്റുന്നതിനുള്ള ‘അഴകി’ന്‌ അഴകേകാൻ ഹരിതകർമസേന ഒരുങ്ങുന്നു. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ഒരിടത്തും മാലിന്യം വലിച്ചെറിയുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന ദൗത്യമാണ്‌  ഹരിതകർമസേന ഏറ്റെടുക്കുന്നത്. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ ജനകീയ ഇടപെടലിലൂടെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് പ്രാപ്തരാക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ കോർപറേഷൻ ഏറ്റെടുക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കോർപറേഷൻ ഓഫീസിൽ പ്രത്യേക ഓഫീസ് സജ്ജമാക്കും.    ഹരിതകർമസേനയിലെ 567 അംഗങ്ങളാണ്‌ മാലിന്യങ്ങൾ ശേഖരിക്കുന്നത്‌. ഇവർക്ക്‌ വിദഗ്ധ പരിശീലനം നൽകി കൂടുതൽ കാര്യക്ഷമമാക്കും. ഇതിനായി പ്രൊജക്ട്‌ മാനേജരെ നിയമിക്കും. വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന്‌  അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി അംഗങ്ങളെ പുനർ വിന്യസിക്കും. കൺസോർഷ്യം അടിസ്ഥാനത്തിൽ അംഗങ്ങൾക്ക് പ്രത്യേക യൂണിഫോമും നൽകും. എംസിഎഫ്, എംആർഎഫ് എന്നിവയുടെ നടത്തിപ്പ് ചുമതല ഹരിതസേനയ്ക്കാവും. യോഗത്തിൽ ഡെപ്യൂട്ടി മേയർ  സി പി മുസാഫർ അഹമ്മദ്, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ ഡോ. എസ് ജയശ്രീ, പി  ദിവാകരൻ, സെക്രട്ടറി കെ യു ബിനി, സിഡിഎസ് ചെയർപേഴ്സൺമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു. കോർപറേഷൻ തയ്യാറാക്കിയ കർമപദ്ധതി ടി പി ബിജു അവതരിപ്പിച്ചു. കുടുംബശ്രീ പ്രോജക്ട്‌ ഓഫീസർ ടി കെ പ്രകാശൻ സ്വാഗതവും കെ പി സലീം നന്ദിയും പറഞ്ഞു.    ശുചിത്വ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന് വിവിധങ്ങളായ പ്രവർത്തനങ്ങൾക്കാണ്‌ കോർപറേഷൻ മുൻകൈയെടുക്കുന്നത്. മൂന്നുവർഷംകൊണ്ട് ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്‌ വൃത്തിയുള്ള ജലാശയങ്ങൾ സൃഷ്ടിക്കും. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും കാർഷികരംഗം പുഷ്ടിപ്പെടുത്തുന്നതിനും വനവൽക്കരണം സാധ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. Read on deshabhimani.com

Related News