വിസ തട്ടിപ്പ്: ഡൽഹി സ്വദേശിക്കെതിരെ കേസ്



 വടകര ക്രൊയേഷ്യയിലേക്ക് വിസ നൽകാമെന്ന് വാഗ്ദാനംനൽകി മൂന്ന് ലക്ഷം രൂപ തട്ടിയ കേസിൽ ഡൽഹി സ്വദേശിക്കെതിരെ വടകര പൊലീസ് കേസെടുത്തു.  മോദി എന്ന ജെയിംസിനെതിരെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ടെലിഗ്രാമിൽ കണ്ട പരസ്യംവഴിയാണ് വടകര നാരായണ നഗരം സ്വദേശി പറമ്പത്ത് വിശാഖ് 2021 ൽ ജെയിംസുമായി ബന്ധപ്പെട്ടത്. വിശാഖിനും സുഹൃത്ത് വിസലിനും വിസ നൽകാൻ നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ മൂന്ന് ലക്ഷം രൂപക്ക്‌  ഉറപ്പിക്കുകയും ചെയ്തു. ഇത് പ്രകാരം ജയിംസിന്റെ അക്കൗണ്ടിലേക്ക് വടകര എസ്ബിഐ മുഖേന 90,000 രൂപ ആദ്യം ട്രാൻസ്ഫർ ചെയ്തു. ബാക്കിയുള്ള 2,10,000 രൂപ ഗൂഗിൾ പേയായി അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പിന്നീട് വിവരങ്ങൾ ഒന്നുമില്ലാതായതോടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഈ മാസം ഡൽഹിയിൽ എത്താനുള്ള നിർദേശമാണ് ലഭിച്ചത്. എന്നാൽ ഇരുവരും ഡൽഹിയിൽ എത്തിയപ്പോൾ ജെയിംസ് ഫോൺ സ്വിച്ച് ഓഫ് ആക്കിയ നിലയിലായിരുന്നു.  ഇയാളെപ്പറ്റി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാതെ ഇവർ നാട്ടിലേക്ക് മടങ്ങി. വടകരയിൽ എത്തിയ ശേഷമാണ് വിശാഖ് പൊലീസിൽ പരാതിനൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോദി ജെയിംസിനെതിരെ എറണാകുളം മേലാറ്റൂർ പൊലീസിൽ മറ്റൊരു വഞ്ചനാ കേസ് നിലവിലുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. Read on deshabhimani.com

Related News