റഷ്യൻ യുവതിയെ ആക്രമിച്ച 
സുഹൃത്ത് അറസ്റ്റിൽ



ബാലുശേരി ഖത്തറിൽനിന്ന് ഒരുമിച്ച്‌ എത്തിയ റഷ്യൻ യുവതിയെ ആക്രമിച്ച കേസിൽ കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്ത് അറസ്റ്റിൽ. കൂരാച്ചുണ്ട് ഓലക്കുന്നത്ത് ആഖിലിനെ(28)യാണ് കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ഗ്രാം കഞ്ചാവ് സഹിതമാണ് വീട്ടിൽനിന്ന് പൊലീസ് പിടികൂടിയത്. റഷ്യൻ യുവതിയുമായി ആഖിൽ ഖത്തറിൽനിന്ന് ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ ഇവർ പല സ്ഥലങ്ങളിലും സന്ദർശിച്ച് മാർച്ച് 19നാണ് കൂരാച്ചുണ്ടിലെ  വീട്ടിലെത്തിയത്. കാളങ്ങാലിയിലെ വീട്ടിൽ താമസിക്കുമ്പോൾ ഇരുവരും തമ്മിൽ പ്രശ്നമുണ്ടായി. നിർബന്ധിത ലൈംഗിക പീഡനത്തിനിരയാക്കിയെന്നും മുറിയിൽ കെട്ടിയിട്ട് ഇരുമ്പുവടികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചെന്നും യുവതി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരി എട്ടുവരെ യുവതിക്ക് വിസകാലാവധിയുണ്ട്. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. Read on deshabhimani.com

Related News