മുക്കം ഫെസ്റ്റ്‌: മൻസിയയും 
കൗമുദിയും സാംസ്‌കാരിക സന്ധ്യയിൽ

മൻസിയയുടെ കഥപറയുന്ന മോണോ ആക്ട് അവതരിപ്പിക്കുന്ന കൗമുദിയും ആസ്വദിക്കുന്ന മൻസിയയും


സ്വന്തം ലേഖകൻ മുക്കം നൃത്തംചെയ്‌തതിന്റെ പേരിൽ പടിയടച്ച് പിണ്ഡംവച്ച മതയാഥാസ്ഥികർക്കെതിരെ  നൃത്തച്ചുവടുകളാൽതന്നെ  മറുപടിപറഞ്ഞ നർത്തകി  മൻസിയയുടെയും സംസ്ഥാന യുവജനോത്സത്തിൽ മൻസിയയുടെ കണ്ണീർക്കഥ പറഞ്ഞ് മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ കൗമുദിയുടെയും ആദ്യ സമാഗമത്തിന്‌ മുക്കം ഫെസ്റ്റ് വേദിയായി. സാംസ്‌കാരിക സന്ധ്യയിലാണ്‌ ഇരുവരും പങ്കെടുത്തത്‌. മൻസിയ സമൂഹമാധ്യമങ്ങളിലൂടെ മാത്രം കണ്ട  ഏകാഭിനയം കൗമുദി വേദിയിൽ അവതരിപ്പിച്ചു. സന്തോഷാശ്രുക്കളോടെ മൻസിയയും  കൗമുദിയും കെട്ടിപ്പുണർന്നത്  കരഘോഷങ്ങളോടെയാണ് സദസ്സ്‌ സ്വീകരിച്ചത്. ആറാം ദിവസത്തെ സാംസ്‌കാരിക സന്ധ്യ മൻസിയ ഉദ്ഘാടനംചെയ്തു.
     പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോളി ജോസഫ് അധ്യക്ഷനായി. കൗമുദി, നഗരസഭാ കൗൺസിലർ പ്രജിത പ്രദീപ്, തിരുവമ്പാടി പഞ്ചായത്തംഗം ബീന, ലുലുക്കാസ് പ്രതിനിധി പ്രദീപ്, സിഗ്നി ദേവരാജ്, ഗഫൂർ കല്ലുരുട്ടി എന്നിവർ സംസാരിച്ചു. നാസർ കൊളായി സ്വാഗതവും എം കെ പ്രജീഷ് നന്ദിയും പറഞ്ഞു. തുടർന്ന് അപ്പുണ്ണി ശശി  "ചക്കര പന്തൽ’ നാടകവും മുക്കം ബീറ്റ്സിന്റെ മ്യുസിക്കൽ ഫ്യൂഷനും അരങ്ങേറി. ബുധൻ ശ്രീജിത്ത് അവതരിപ്പിക്കുന്ന മാജിക് ഷോ അരങ്ങേറും. Read on deshabhimani.com

Related News