ഓളപ്പരപ്പിൽ ഒഴുകും റസ്റ്റോറന്റ്‌

ഫ്ലോട്ടിങ് റെസ്റ്റോറന്റ്‌ നിർമാണം


ഫറോക്ക്  കടലുണ്ടിപ്പുഴയുടെ ഓളപ്പരപ്പിൽ ഒഴുകുന്ന റെസ്റ്റോറന്റ്  വരുന്നു. വിദേശ രാജ്യങ്ങളിലേതിന് സമാനമായ ആഡംബര ഭോജനശാലയുടെ നിർമാണം പുരോഗമിക്കുകയാണ്. കടലുണ്ടിയിൽ കോട്ടക്കടവ് പാലത്തിന് സമീപമാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്  3.94 കോടി രൂപ ചെലവിട്ട് കൂറ്റൻ ഫ്ലോട്ടിങ് റെസ്റ്റോറന്റ്‌ സജ്ജമാക്കുന്നത്. ഒരേസമയം 70 പേർക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾക്കൊപ്പം അടുക്കളയും  ശുചിമുറികളും ജനറേറ്റർ സംവിധാനവും അനുബന്ധ സൗകര്യങ്ങളുമുണ്ടാകും.  പുഴയിലെ ശക്തമായ കുത്തൊഴുക്കിനെ അതിജീവിക്കാനും അനിവാര്യ ഘട്ടങ്ങളിൽ മാറ്റി സ്ഥാപിക്കാനും കഴിയുംവിധം ചെന്നൈ ഐഐടിയിലെ ഓഷ്യൻ എൻജിനിയറിങ് വിഭാഗം റിപ്പോർട്ടനുസരിച്ചാണ് റെസ്റ്റോറന്റിന്റെ നിർമാണം. പുഴയോരത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് യുഎൽസിസിഎസ് ആണ്.  ഈ പ്രവൃത്തിയും നടന്നുവരികയാണ്.  റെസ്റ്റോറന്റിന്റെ പ്രധാന ഭാഗമായ ആറ്‌ ഹള്ളുകളുടെ നിർമാണം മറ്റൊരിടത്തും പുരോഗമിക്കുന്നു. പുഴയിൽ സ്ഥാപിക്കുന്ന ഡക്കിനോട് ഹള്ളുകൾ യോജിപ്പിച്ച് നിർമാണം പൂർത്തിയാക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്ന്‌ സഞ്ചാരികൾക്കും നാട്ടുകാർക്കും എത്താവുന്ന കോട്ടക്കടവ് പാലത്തിനുസമീപം വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യവും വെളിച്ചസംവിധാനവും ഒരുക്കും.   Read on deshabhimani.com

Related News