അന്നും ഇന്നും സമൂഹത്തോടൊപ്പം വിജ്ഞാന കേന്ദ്രം ഇനി ഓർമകളിൽ ജീവിക്കും

തിരുവങ്ങൂരിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിക്കാൻ തയ്യാറായ പഞ്ചായത്ത് ലൈബ്രറി


കൊയിലാണ്ടി ദേശീയപാതക്കരികിൽ തിരുവങ്ങൂരിൽ വർഷങ്ങളോളം അക്ഷര പ്രേമികൾക്ക്‌ ആശ്വാസമായി നിലകൊണ്ട ചേമഞ്ചേരി പഞ്ചായത്ത്‌ ലൈബ്രറി ആൻഡ്‌ റീഡിങ്‌ റൂം ഓർമയാകുന്നു. ദേശീയപാതാ വികസനം ആവശ്യമാണെന്ന സാമൂഹ്യബോധത്തിന് ഊക്കായി വിജ്ഞാന കേന്ദ്രം ആറുവരിപ്പാതയുടെ ഭാഗമാകുന്നു.  ചേമഞ്ചേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് പൊന്നാടത്ത് ഗോവിന്ദൻ മാസ്റ്റർ മുൻകൈയെടുത്തു നിർമിച്ചതാണ് ഈ കെട്ടിടം. സ്വാമി ഗുരുവരാനന്ദ സൗജന്യമായി നൽകിയ സ്ഥലത്താണ് കേന്ദ്രം ആരംഭിച്ചത്. വൈകുന്നേരമായാൽ നിരവധിപേർ പത്രപാരായണം നടത്തുന്നതിനും ചർച്ചകൾ നടത്തുന്നതിനും  ഒത്തുചേരുന്നിടമായിരുന്നു വായനശാലയെന്ന് മുൻ പഞ്ചായത്ത്‌ പ്രസിഡന്റും വായനക്കാരിലൊരാളുമായിരുന്ന അശോകൻ കോട്ട് ഓർമിക്കുന്നു. ചോയ്യേക്കാട്ട് പദ്മനാഭൻ നായർ എന്ന ബാലൻനായരായിരുന്നു ലൈബ്രേറിയൻ. തൊഴിലന്വേഷകർക്ക് സഹായിയായ കേരള ഗസറ്റ് വരുന്ന ഏക സ്ഥലവും ഇതായിരുന്നു.  ആയിടക്കാണ് എൽഎൽഎ (ലോക്കൽ ലൈബ്രറി അതോറിറ്റി) ഗ്രാമീണ വായനശാലകൾക്കായി സഞ്ചരിക്കുന്ന പുസ്‌തകവണ്ടി സംവിധാനം ഒരുക്കുന്നത്. വായനക്കാരുടെ അഭ്യർഥന മാനിച്ച്‌ ചേമഞ്ചേരി പഞ്ചായത്ത്‌ ആ പദ്ധതി ഇവിടെയും നടപ്പാക്കി. ഗ്രന്ഥശാലാ പ്രസ്ഥാനം പോലുമില്ലാത്ത കാലത്ത് വായനക്കാർക്ക് വളരെ ആവേശം നൽകിയ സംഭവമായിരുന്നു ഇത്. മാസത്തിലൊരിക്കൽ പുസ്തകവണ്ടി വായനശാലയിൽ എത്തും. ലോക്കൽ അതോറിറ്റിയുടെ തകർച്ചയോടെ വായനക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങി. കാലമേറെ കഴിഞ്ഞതോടെ പൂക്കാട് കേന്ദ്രീകരിച്ച്‌ പഞ്ചായത്ത്‌ ലൈബ്രറി വന്നു. തിരുവങ്ങൂരിൽ സൈരി വന്നു. വായനക്കാർ കൂടൊഴിഞ്ഞു തുടങ്ങിയെങ്കിലും പഴയതിന്റെ തുടർച്ച നിലനിർത്താൻ പിന്നീടും ശ്രമം തുടർന്നിരുന്നെന്ന് പിൽക്കാലത്ത് സെക്രട്ടറിയായി പ്രവർത്തിച്ച വിനീത് പൊന്നാടത്ത് പറയുന്നു.   Read on deshabhimani.com

Related News