പ്രവാസികള്‍ക്ക് കേരള ബാങ്കിന്റെ ഈട് രഹിത വായ്പ

കേരള ബാങ്കിന്റെ പ്രവാസി ഭദ്രത വായ്പയുടെ ജില്ലാ വിതരണോദ്ഘാടനം ഡയറക്ടര്‍ ഇ രമേശ് ബാബു നിര്‍വഹിക്കുന്നു


കോഴിക്കോട്  കോവിഡ് കാരണം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും കേരള ബാങ്ക് 8.75 ശതമാനം പലിശ നിരക്കിൽ അഞ്ച്‌ ലക്ഷം രൂപവരെ ഈട് രഹിത വായ്പ നൽകും. നോർക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രത വായ്പാ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ മൂന്ന്‌ ശതമാനം പലിശ സബ്‌സിഡിയും ഒരു ലക്ഷം രൂപവരെ ക്യാപിറ്റൽ സബ്‌സിഡിയും ലഭിക്കും.  പ്രവാസി ഭദ്രത വായ്പയുടെ കോഴിക്കോട് ജില്ലാ   വിതരണോദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു നിർവഹിച്ചു. കുന്നമംഗലം ശാഖയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർ കെ എം റീന അധ്യക്ഷയായി.  കുന്നമംഗലം  പഞ്ചായത്ത് പ്രസിഡന്റ്‌  ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥിയായി. കുന്നമംഗലം റൂറൽ ബാങ്ക് പ്രസിഡന്റ് കെ സി രാമചന്ദ്രൻ, വായ്പാ വിഭാഗം സീനിയർ മാനേജർ എൽ പി ബിനു, മാനേജർ ടി കെ ജീഷ്മ, പബ്ലിക് റിലേഷൻസ് ഓഫീസർ സി സഹദ് എന്നിവർ പങ്കെടുത്തു. ഏരിയാ മാനേജർ വി കെ അജിത്‌കുമാർ സ്വാഗതവും മാനേജർ എ ആശ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News