മുക്കം മിന്നുന്നു



കോഴിക്കോട്‌ ഒളിമ്പ്യൻ റഹ്മാൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്‌കൂൾ കായികമേളയിൽ  രണ്ടാംദിനത്തിൽ 192 പോയിന്റുമായി മുക്കം ഉപജില്ല മുന്നിൽ. 64 പോയിന്റുമായി പേരാമ്പ്രയാണ്‌ രണ്ടാമത്‌. 47 പോയിന്റുമായി ബാലുശേരിയാണ്‌ മൂന്നാമത്‌. മുക്കത്തിന്‌ 19 സ്വർണമുണ്ട്‌. ഏഴുവീതം സ്വർണമാണ്‌ പേരാമ്പ്രയ്‌ക്കും  ബാലുശേരിക്കും. മേള വ്യാഴാഴ്‌ച വൈകിട്ട്‌ കൊടിയിറങ്ങും. സ്‌കൂളുകളിൽ പുല്ലൂരാമ്പാറ സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസാണ്‌ ഒന്നാമതുള്ളത്‌–- 150 പോയിന്റ്‌.  കുളത്തുവയൽ സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌എസ്‌ 48 പോയിന്റുമായി രണ്ടാമത്‌. 46 പോയിന്റുമായി പൂവമ്പായി എഎംഎച്ച്‌എസാണ്‌ മൂന്നാമത്‌.  രണ്ടുവർഷത്തിനുശേഷം നടക്കുന്ന മേളയിൽ കഠിനപ്രയത്നംകൊണ്ടും അനുപമമായ ഇച്ഛാശക്തികൊണ്ടുമാണ്‌ ട്രാക്കിലും ഫീൽഡിലും കുട്ടികൾ മിന്നിയത്‌. പങ്കെടുത്ത മൂന്നിനങ്ങളിലും വ്യക്തിഗത മെഡൽ നേടിയ പയിമ്പ്ര സ്‌കൂളിലെ കെ വി ലക്ഷ്‌മിപ്രിയയുടെ പ്രകടനം ശ്രദ്ധേയമായി. സീനിയർ പെൺകുട്ടികളുടെ 400 മീറ്ററിലാണ്‌ സ്വർണം നേടിയത്‌. കഴിഞ്ഞ ദിവസം 100 മീറ്ററിൽ  സ്വർണവും 400 മീറ്റർ ഹർഡിൽസിൽ വെള്ളിമെഡലും നേടിയിരുന്നു.   മീറ്റിലെ വേഗമേറിയ താരം പി അമലിന്റെ ലോങ്ജമ്പിലെ മിന്നുന്ന പ്രകടനത്തിനും സ്‌റ്റേഡിയം സാക്ഷിയായി. ബുധനാഴ്‌ച ദീർഘദൂര നടത്തത്തിലും 400 മീറ്ററിലും ഹൈജമ്പിലും സ്വർണം നേടിയിരുന്നു. സമാപന ദിവസം ട്രാക്കിലും ഫീൽഡിലും തീപാറും. 31 ഇനങ്ങളിലാണ്‌ മത്സരം. സമാപനസമ്മേളനം മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനംചെയ്യും. Read on deshabhimani.com

Related News