വിടപറഞ്ഞത്‌ അതുല്യ കലാപ്രതിഭ



 കൊയിലാണ്ടി മുരളീധരൻ ചേമഞ്ചേരിയുടെ വേർപാടിൽ നഷ്ടമായത്‌ ജീവിതം വ്യത്യസ്ത കലകൾക്കുവേണ്ടി ഉഴിഞ്ഞുവച്ച പ്രതിഭയെ. ചൊവ്വാഴ്ച പൂക്കാട് മൗനഗുരു മഠത്തിൽനിന്ന്‌ കെട്ടുനിറച്ച് ശബരിമലയ്ക്ക് പോയ മുരളീധരൻ അപ്പാച്ചിമേട്ടിലാണ്‌ ഹൃദയാഘാതംമൂലം മരണമടഞ്ഞത്. മൃദംഗം, ചെണ്ട, തകില്‍, ഇടയ്ക്ക, ഗഞ്ചിറ, ഘടം, അഭിനയം, തോറ്റം, തിറയാട്ടം, ഭജന്‍സ്, നാടൻപാട്ട്, കവിത, ദൃശ്യാവിഷ്‌കാരം തുടങ്ങി മുരളീധരന്‍ ചേമഞ്ചേരി എന്ന അനുഗൃഹീത  കലാകാരന് വഴങ്ങാത്തതായി ഒന്നുമില്ല.    മലബാര്‍ സുകുമാരന്‍ ഭാഗവതര്‍, ശിവദാസ് ചേമഞ്ചേരി എന്നിവരുടെ ശിഷ്യനായി ആറാം വയസ്സിലാണ് മുരളീധരന്‍ കലാരംഗത്തെത്തിയത്. തബലയിലായിരുന്നു തുടക്കം. തബല പരിശീലനത്തോടൊപ്പം  സംഗീത പഠനവും.     അച്ഛൻ പറമ്പില്‍ നാണു അറിയപ്പെടുന്ന തെയ്യം കലാകാരനായിരുന്നു.    ഭഗവതി, അഗ്നി കണ്‌ഠാകര്‍ണന്‍, തീക്കുട്ടി ചാത്തന്‍ എന്നീ കോലങ്ങള്‍ തന്മയത്വത്തോടുകൂടി മുരളീധരന്‍ കെട്ടിയാടി. തെയ്യങ്ങളുടെ ചമയനിര്‍മാണം, മുഖത്തെഴുത്ത്, തോറ്റം എന്നിവയിലും കഴിവ് തെളിയിച്ചു.    പുരോഗമന കലാസാഹിത്യസംഘം അംഗവും ചേമഞ്ചേരി നന്മ യൂണിറ്റ് സെക്രട്ടറിയുമാണ്. മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ കലാപ്രതിഭ അവാർഡ്, ബോംബെ ഓൾ മലയാളി കലാപ്രതിഭ പുരസ്കാരം, റോട്ടറി രാമായണ പാരായണ കലാരത്നം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News