പാലേരിയിൽ ഡിവൈഎഫ്ഐ 
പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു



 പേരാമ്പ്ര  ഡിവൈഎഫ്ഐ പാലേരി മേഖലാ കമ്മിറ്റി അംഗവും സിപിഐ എം വഞ്ചിപ്പാറ ബ്രാഞ്ചംഗവും വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ കന്നാട്ടി പാറക്കുതാഴ എസ് ശിബിന്റെ ബൈക്ക്‌ അക്രമികൾ കത്തിച്ചു. പോർച്ചിൽ നിർത്തിയിട്ട ബൈക്കാണ്‌ ബുധൻ പുലർച്ചെ രണ്ടരയോടെ പെട്രോൾ ഒഴിച്ച് കത്തിച്ചത്‌. തൊട്ടടുത്ത ജനാലയിലേക്കും തീ പടർന്നു. തീ കണ്ട് വീട്ടുകാരാണ് അയൽവാസികളെയും പൊലീസിനെയും വിവരമറിയിച്ചത്. പേരാമ്പ്ര എഎസ്‌പി ടി കെ വിഷ്ണുപ്രദീപ്, എസ്എച്ച്ഒ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിൽപൊലീസെത്തി പരിശോധിച്ചു. പെട്രോളിന്റെ ഒഴിഞ്ഞ രണ്ടു കുപ്പികൾ കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.  ഓണത്തോടനുബന്ധിച്ച് അനധികൃത മദ്യ–- മയക്കുമരുന്ന് വിൽപ്പന തടഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകരെ വടക്കുമ്പാട് ബിജെപി, ആർഎസ്എസ് ക്രിമിനലുകൾ ആക്രമിക്കുകയും കോങ്ങോടുമ്മൽ വിപിനിന്റെ വീടിന്‌ ബോംബെറിയുകയും ചെയ്തിരുന്നു. ശിബിന്റെ ബൈക്ക് കത്തിച്ചതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ പാലേരി മേഖലാ കമ്മിറ്റി പ്രകടനവും യോഗവും നടത്തി. അക്രമികളെ  ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം പാലേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News