ഒന്നാം ഡോസ്‌ 93.15 ശതമാനം



കോഴിക്കോട്‌ ജില്ലയിൽ കോവിഡ്‌ പ്രതിരോധ വാക്‌സിൻ വിതരണം ലക്ഷ്യത്തിലേക്കടുക്കുന്നു. 18 വയസ്സിന്‌ മുകളിൽ പ്രായമുള്ളവരിൽ 93.15 ശതമാനംപേർക്കും ഒരു ഡോസ്‌ വാക്‌സിൻ നൽകി. രണ്ട്‌ ഡോസ്‌ വാക്‌സിനും സ്വീകരിച്ചവർ 43.69 ശതമാനമാണ്‌. ആകെ 34,20,451 ഡോസാണ്‌ വിതരണംചെയ്‌തത്‌. സംസ്ഥാന തലത്തിൽ കൂടുതൽ വിതരണം നടത്തിയ ജില്ലകളിൽ അഞ്ചാം സ്ഥാനത്താണ്‌ കോഴിക്കോട്‌.  18ന്‌ മുകളിൽ പ്രായമുള്ള 24,99,523 പേർക്കാണ്‌ ജില്ലയിൽ വാക്‌സിൻ നൽകാൻ ലക്ഷ്യമിട്ടത്‌. ശനിയാഴ്‌ച വൈകിട്ട്‌ വരെ 23,28,400 പേർക്ക്‌ ഒന്നാം ഡോസും 10,92,051 പേർക്ക്‌ രണ്ടാം ഡോസും നൽകി. ഒന്നാം ഡോസ്‌ നൽകാനുള്ള ഏഴ്‌ ശതമാനം പേരിൽ ചെറുവിഭാഗം വാക്‌സിൻ എടുക്കുന്നതിൽ വിമുഖത കാണിച്ച്‌ വിട്ടുനിൽക്കുന്നവരാണ്‌.   കോവിഡ്‌ വന്ന്‌ മൂന്ന്‌ മാസം തികയാൻ കാത്തിരിക്കുന്ന ഒരു ലക്ഷത്തോളം പേരുണ്ട്‌. എഴുപത്തിരണ്ടായിരത്തോളം പേർ വാക്‌സിൻ വിമുഖത ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഇനിയും എടുക്കാനുണ്ട്‌. കോവിഡ്‌ വന്ന്‌ കാലാവധി കഴിയാത്തതിനാൽ രണ്ടാം ഡോസ്‌ എടുക്കാനാവാത്ത  ഇരുപതിനായിരത്തോളം പേരാണുള്ളത്‌. ഒന്നാം ഡോസ്‌ വിതരണം ഏതാണ്ട്‌ പൂർത്തിയായതിനാൽ സെപ്‌തംബർ അവസാനം മുതൽ രണ്ടാം ഡോസ്‌ വിതരണമാണ്‌ കൂടുതൽ നടക്കുന്നത്‌. 60 വയസ്സിന്‌ മുകളിൽ 8.81 ലക്ഷം പേരും 45നും 60നുമിടയിൽ 10.65 ലക്ഷം പേരും 18നും 44നുമിടയിൽ 14.72 ലക്ഷം പേരും വാക്‌സിനെടുത്തിട്ടുണ്ട്‌. വാക്‌സിൻ സ്വീകരിച്ചവരിൽ സ്‌ത്രീകൾ തന്നെയാണ്‌ മുന്നിൽ. 17.65 ലക്ഷം സ്‌ത്രീകളും 16.54 ലക്ഷം പുരുഷൻമാരും വാക്‌സിനെടുത്തു.   Read on deshabhimani.com

Related News