ചക്കിട്ടപാറ പറയും തേൻമധുരമുള്ള വിജയകഥ

കർഷകരിൽനിന്നുള്ള തേൻ ശേഖരണം പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം ചെയ്യുന്നു


പേരാമ്പ്ര തേൻമധുരമാണ്‌ ചക്കിട്ടപാറയുടെ വിജയകഥക്ക്‌. ഏറെ പരിചിതമല്ലാത്ത വഴിയാണ്‌ ഉപജീവനത്തിനും വരുമാന വർധനക്കുമായി ഈ ദേശം തെരഞ്ഞെടുത്ത്‌. തേനിന്റെ അതിശയിപ്പിക്കുന്ന വിപണിസാധ്യതക്കൊപ്പം ആവേശത്തോടെ സഞ്ചരിക്കുകയാണ്‌ നൂറുകണക്കിന്‌ കുടുംബങ്ങൾ. പഞ്ചായത്ത്, നബാർഡ്, സ്റ്റാർസ്‌ കോഴിക്കോട് എന്നിവയാണ്‌ തേൻകൃഷി വിപ്ലവം നയിക്കുന്നത്‌. കാർഷിക വിലത്തകർച്ചയിൽ തളർന്ന കർഷക കുടുംബങ്ങൾക്ക് നിവർന്നുനിൽക്കാൻ പുതുവഴിവെട്ടുകയാണ്‌ ഈ നാട്‌. സ്‌ത്രീകളാണ്‌ തേൻകൃഷി വ്യാപനത്തിനായി രംഗത്തുള്ളത്‌.   പഞ്ചായത്തിലെ ആയിരം കുടുംബങ്ങളാണ്‌ പദ്ധതി അംഗങ്ങളാവുക. ആദ്യഘട്ടത്തിൽ ഒന്നുമുതൽ  അഞ്ചുവരെ വാർഡുകളിലെ 350 കുടുംബങ്ങൾക്ക്  പരിശീലനംനൽകി.  സബ്സിഡി നിരക്കിൽ തേനീച്ചയും പെട്ടിയും നൽകി. ഒരു കുടുംബം കുറഞ്ഞത് അഞ്ച്  പെട്ടിയിൽ കൃഷി തുടങ്ങി.  ഒരു പെട്ടിയിൽനിന്ന്‌ മാസത്തിൽ 10 കിലോ തേൻ ശേഖരിക്കാൻ കഴിയുന്നു.  കിലോക്ക്‌ 300 രൂപ നിരക്കിൽ പ്രതിമാസം 20,000 രൂപ വരെയാണ്‌ വരുമാനം.   വിപണി പേടിക്കാനില്ല കർഷകരിൽനിന്ന്‌ കിലോക്ക് 300 രൂപ നിരക്കിൽ സ്റ്റാർസ് ശേഖരിക്കുന്ന തേൻ  വിപണിയിലെത്തിക്കുന്നു. കോഴിക്കോട്  സെന്റ് തോമസ് പ്രോവിൻസിന്റെ കീഴിലുള്ള  സന്നദ്ധ സംഘടനയാണ്‌ സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവീസ് (സ്റ്റാർസ്). അഞ്ചുമാസത്തിനിടെ മൂന്ന് ടൺ തേൻ വിറ്റു. വെളുത്തുള്ളി തേൻ, കാന്താരിമുളക് തേൻ, തേൻ നെല്ലിക്ക, മിക്സഡ് ഫ്രൂട്ട്സ് തേൻ തുടങ്ങി അമ്പതിലേറെ മൂല്യവർധിത ഉല്പന്നങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്‌. തേൻ മെഴുകിൽനിന്നുള്ള സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്ന സംരംഭവും തുടങ്ങും. ചെമ്പനോടയിൽ തേനീച്ച നഴ്സറി തുടങ്ങി.  തേനീച്ചപ്പെട്ടി നിർമാണ യൂണിറ്റും നിലവിൽവന്നു.  ചെറുതല്ല ചെറുതേൻ ചെറുതേനീച്ച വളർത്തലിൽ പരിശീലനം നൽകും.  ആദ്യ ഘട്ടത്തിൽ 100 വനിതകൾക്ക് സബ്സിഡിയോടെ ചെറുതേനീച്ചപ്പെട്ടി വിതരണംചെയ്യും. ചെറുതേൻ ലിറ്ററിന് 2000 മുതൽ 3000 രൂപ വരെയാണ്‌. 500 തേനീച്ച കർഷകർ അടങ്ങുന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിക്കാനും ലക്ഷ്യമിടുന്നു.  പഞ്ചായത്ത് വനിതാ ഘടകപദ്ധതിയിൽ 10 ലക്ഷംരൂപ തേൻകൃഷി വ്യാപനത്തിനായി അനുവദിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News