വഖഫ്‌ ഭൂമി പണയപ്പെടുത്താൻ 
യത്തീംഖാനയുടെ ബൈലോ തിരുത്തി



  കോഴിക്കോട്  വഖഫ്‌ ബോർഡ് അറിയാതെ രൂപീകരിച്ച കുറ്റിക്കാട്ടൂർ യത്തീംഖാന കമ്മിറ്റി വഖഫ് ഭൂമി പണയപ്പെടുത്തി വായ്‌പയെടുത്തതായും തെളിഞ്ഞു.  ഇന്ത്യൻ ഓവർസീസ് ബാങ്ക് കുറ്റിക്കാട്ടൂർ ശാഖയിൽനിന്നാണ്‌ വായ്പ തരപ്പെടുത്തിയത്‌.  യത്തീംഖാനയുടെ വികസനത്തിനെന്ന വ്യാജേനയാണ്‌ 2019ൽ രണ്ട് ഏക്കർ പത്ത് സെന്റ് ഭൂമിയുടെ ആധാരം പണയപ്പെടുത്തി  35 ലക്ഷം രൂപ വായ്‌പയെടുത്തത്‌. യത്തീംഖാന കമ്മിറ്റിയുടെ ബൈലോ ഭേദഗതിചെയ്‌താണ്‌ രേഖകൾ നൽകിയത്‌. കമ്മിറ്റിയുടെ കീഴിലെ സ്ഥാപനങ്ങളുടെ വികസനത്തിനും  ദൈനംദിന പ്രവർത്തനങ്ങൾക്കും ജനറൽ ബോഡിയുടെ അംഗീകാരത്തോടെ കമ്മിറ്റിയുടെ സ്വത്തുവകകൾ ഈടായി നൽകി വായ്പയെടുക്കാം എന്നായിരുന്നു ഭേദഗതി.  മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വഖഫ്‌ ബോർഡ് അംഗവുമായിരുന്ന എം സി മായിൻ ഹാജിയുടെ സഹോദരീ ഭർത്താവ് എ ടി ബഷീർ യത്തീംഖാന കമ്മിറ്റി പ്രസിഡന്റായിരിക്കെയാണ്‌ ഭേദഗതി.   വഖഫ്‌ ബോർഡ്‌ ജനുവരിയിൽ തിരിച്ചുപിടിച്ച  ഭൂമിയുടെ ആധാരം  ബാങ്കിലാണുള്ളത്. വഖഫ് ഭൂമി പണയപ്പെടുത്തി പണം നൽകിയ ബാങ്ക് നടപടിയും നിയമക്കുരുക്കിലാവും. ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാതെ  പണയം സ്വീകരിച്ചത്‌ ഗൗരവമുള്ള കുറ്റമാണ്‌. ഭൂമിയുടെ സാമ്പത്തിക ബാധ്യത പരിഹരിച്ച്‌ ആധാരം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ നിയമനടപടിയെടുക്കാനാണ്‌ വഖഫ്‌ ബോർഡ്‌ തീരുമാനം. Read on deshabhimani.com

Related News