‘ആൻതം ഫോർ കശ്‌മീർ’ 
ഹ്രസ്വചിത്രം യുട്യൂബ്‌ വിലക്കി



കോഴിക്കോട്‌  യുവ സംവിധായകൻ സന്ദീപ്‌ രവീന്ദ്രനാഥിന്റെ കശ്‌മീരിനെക്കുറിച്ചുള്ള ‘ആൻതം ഫോർ കശ്‌മീർ’ ഹ്രസ്വചിത്രം യുട്യൂബ്‌ നീക്കംചെയ്‌തു. സിനിമക്കെതിരെ  പരാതി ലഭിച്ചെന്ന കാരണം പറഞ്ഞാണ്‌ നടപടി.  ജമ്മു കശ്‌മീരിന്റെ പ്രത്യേക ഭരണഘടനാ പദവി ഇല്ലാതാക്കിയശേഷം ഇരുളിലാഴ്‌ത്തപ്പെട്ട താഴ്‌വരയുടെ ജീവിതത്തെക്കുറിച്ചാണ്‌ സിനിമ. സൈന്യത്തിന്‌ പ്രത്യേകാനുമതി നൽകുന്ന അഫ്‌സ്‌പ നിലനിൽക്കുന്ന ഇന്ത്യ–-പാക്‌ അതിർത്തിയിൽ ചിത്രീകരിച്ചതാണിത്‌. 370–-ാം വകുപ്പ്‌ റദ്ദാക്കി ആയിരം ദിനം പിന്നിട്ട മെയ്‌ 12ന്‌ ഡോക്യുമെന്ററി സംവിധായകൻ ആനന്ദ്‌ പട്‌വർധനും സംഗീതജ്ഞൻ ടി എം കൃഷ്‌ണയും ചേർന്നാണ്‌ ചിത്രം റിലീസ്‌ ചെയ്‌തത്‌.   പട്ടാള ഭീഷണികൾക്കും കോവിഡ്‌ നിയന്ത്രണങ്ങൾക്കുമിടയിൽ തദ്ദേശവാസികളെ നേരിൽ കണ്ടാണ്‌ ഒരു മാസം സന്ദീപും സംഘവും  ദൃശ്യങ്ങൾ പകർത്തിയത്‌. ചിത്രീകരണത്തിന്റെ അവസാനദിനം ഗ്രനേഡ്‌ പൊട്ടി നാലുപേർ ആശുപത്രിയിലായി. തിരക്കഥയും സംവിധാനവും സംഗീതവും സന്ദീപാണ്‌ നിർവഹിച്ചത്‌.   രാജ്യാന്തരതലത്തിൽ പ്രദർശിപ്പിക്കപ്പെട്ട ‘ഡയറി ഓഫ്‌ ആൻ ഔട്ട്‌സൈഡർ’, ‘സന്താനഗോപാല’,  ‘ദ്‌ ബുക്ക്‌ ഷെൽഫ്‌’, ‘സബ്‌ ബ്രദേഴ്‌സ്‌’ എന്നീ ഹ്രസ്വ ചിത്രങ്ങളുടെയും നെടുമുടി വേണു പ്രധാന വേഷമിട്ട സ്‌മാർത്ത വിചാരം പ്രമേയമാക്കിയ ‘താരാട്ടുപാട്ട്‌’ ഡോക്യുമെന്ററിയുടെയും സംവിധായകനാണ്‌ സന്ദീപ്‌. വാസ്‌തുഹാര, പൊന്തൻമാട തുടങ്ങിയ ക്ലാസിക്‌ ചിത്രങ്ങളുടെ നിർമാതാവായ ടി രവീന്ദ്രനാഥി(ബാങ്ക്‌ രവി)ന്റെ മകനാണ്‌. Read on deshabhimani.com

Related News