മൂടാടി പറയുന്നു മാറി ചിന്തിക്കൂ; ചൂടിനെ മെരുക്കാം



കോഴിക്കോട്‌  ഓഫറിൽ എയർകണ്ടീഷനർ വാങ്ങിവെച്ചല്ല മൂടാടി പഞ്ചായത്ത്‌ കൊടുംചൂടിനെ നേരിടാനൊരുങ്ങുന്നത്‌;  ചിന്തയിൽ മാറ്റം വരുത്തിയാണ്‌.  ആഗോളതാപനത്തെ പിടിച്ചുകെട്ടാൻ നമ്മളിൽനിന്ന്‌ തുടങ്ങുകയെന്നാണ്‌ മൂടാടിക്കാരുടെ മുദ്രാവാക്യം. അന്തരീക്ഷതാപം ഉയരുന്നത്‌ തടയാനുള്ള ദീർഘകാല കർമപദ്ധതികൾ ഏറ്റെടുക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശസ്ഥാപനമാണ്‌ മൂടാടി. ചൂട്‌ വർധിക്കുന്നത്‌ തടയാൻ 2040 ലക്ഷ്യമാക്കി ദീർഘകാല പദ്ധതികൾ തയ്യാറാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ചിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗം തദ്ദേശസ്ഥാപനങ്ങളോട്‌ നിർദേശിച്ചിരുന്നു.  ഈ നിർദേശത്തോട്‌ ആദ്യമായി പ്രതികരിച്ചത്‌ മൂടാടിയാണ്‌.   കെട്ടിടങ്ങൾ പരിസ്ഥിതി സൗഹൃദമാക്കിയും ചൂട്‌ കുറയ്‌ക്കാവുന്ന നിർമാണരീതികൾ സ്വീകരിച്ചുമാണ്‌  ശ്രമം. ആദ്യപടിയായി  32 അങ്കണവാടി കെട്ടിടങ്ങളിൽ പരിഷ്‌കരണം വരുത്തും. കെട്ടിടങ്ങളുടെ മേൽക്കൂര, ചുവരുകൾ, വെന്റിലേഷൻ എന്നിവ പുനഃക്രമീകരിക്കും. ദുരന്തനിവാരണ അതോറിറ്റിയുടേയും വിദഗ്‌ധരുടേയും കൂടിയോലോചനകളിലൂടെ  ഭാവിയിൽ  ചൂട്‌ പരമാവധി നിയന്ത്രിക്കാവുന്ന നിർമാണരീതികളും  രൂപകൽപ്പനയും പിന്തുടരും. ഗ്രീൻ റൂഫ്‌, ചൂട്‌ അധികരിക്കാത്ത ടൈലുകൾ, റൂഫിലെ പെയിന്റിങ്, കാറ്റിന്റെ ദിശ നിർണയിച്ച്‌  വെന്റിലേഷൻ ഒരുക്കുക തുടങ്ങിയ ബഹുമുഖ രീതികൾ പരിഗണിക്കും. സ്വകാര്യ കെട്ടിടങ്ങൾക്കും പൊതുകെട്ടിടങ്ങൾക്കും മാർഗരേഖയും തയ്യാറാക്കും.  തീരദേശ മേഖലയുടെ സവിശേഷത കൂടി കണക്കിലെടുത്താവും ഹീറ്റ്‌ പ്ലാനിങ് രൂപരേഖ.  നിർമാണ മേഖലയിലെ കരാറുകാർ, തൊഴിലാളികൾ, ആർകിടെക്‌റ്റുമാർ, എൻജിനിയർമാർ തുടങ്ങിയവർക്ക്‌ പരിശീലനവും നൽകും. കാർബൺ ബഹിർഗമനം പരമാവധി ലഘൂകരിക്കാനുള്ള സമാന്തരപ്രവർത്തനങ്ങളുംഒരുക്കുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ശ്രീകുമാർ പറഞ്ഞു. വിശദമായ രൂപരേഖ തയ്യാറാക്കൽ  ആരംഭിച്ചതായി ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി ഡോ. ഫഹദ്‌ അറിയിച്ചു.  ആദ്യയോഗത്തിൽ ഡോ. ഫഹദ്‌, സെയ്‌ദ്‌ മംഗലശേരി എന്നിവർ വിഷയാവതരണം നടത്തി.   Read on deshabhimani.com

Related News