വാർഡ് മെമ്പറുടെ വീട്ടിലെ നായകൾ പരിസരവാസികൾക്ക് ഭീഷണി



 നടുവണ്ണൂർ വാർഡ്‌ മെമ്പറുടെ സഹോദരൻ വീട്ടിൽ കൊണ്ടുവന്ന് വളർത്തുന്ന തെരുവുനായകൾ പരിസരവാസികൾക്ക് ഭീഷണിയാകുന്നതായി പരാതി.  നടുവണ്ണൂർ പഞ്ചായത്ത് പത്താം വാർഡ് അംഗം മക്കാട്ട് സജീവന്റെ വീട്ടിൽ സഹോദരൻ സോമനാണ് അലസമായി നായകളെ വളർത്തുന്നത്. ഇവ നാട്ടുകാരെ കടിക്കുന്നതായാണ്‌ പരാതി.  കഴിഞ്ഞ ദിവസം ഇവിടെ വളർത്തിയ നായകളുടെ കടിയേറ്റ് രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പേയിളകിയ നായയാണ് കടിച്ചതെന്നാണ് ഡോക്ടർ പറഞ്ഞത്. ഈ നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഈ നായയോടൊപ്പം വീട്ടിലുള്ള മറ്റു നായ്‌ക്കൾക്കും കടിയേറ്റിറ്റുണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ മരുന്ന് കുത്തിവയ്‌ക്കുകയും നിരീക്ഷണം നടത്താനാവശ്യപ്പെടുകയും ചെയ്തിരുന്നു. നിരീക്ഷണത്തിന്‌ കെട്ടിയിട്ട നായയെ വാർഡ് മെമ്പറുടെ സഹോദരൻ അഴിച്ചുവിട്ടു. ഇത് നാട്ടുകാർ ചോദ്യംചെയ്തിരുന്നു.  സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് തെരുവിൽ അലയുന്ന നായകളെ വാർഡ് മെമ്പറുടെ ഒത്താശയോടെ വീട്ടിൽ വളർത്തുന്നത്. പൂച്ചകളും ഇവിടെയുണ്ട്. ഇതിനെയും പേയിളകിയ നായ കടിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് നാട്ടുകാർ.  പ്രദേശവാസികൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാർഡ് മെമ്പറുടെ വീട്ടിൽ നായകളെ വളർത്തി പ്രദേശവാസികൾക്ക് കടിയേറ്റ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന്‌ ഡിവൈഎഫ്ഐ നടുവണ്ണൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News