കല്ലാച്ചേരിക്കടവ് പാലം 
നിർമാണത്തിൽ വീണ്ടും പ്രതീക്ഷ

കെ പി മോഹനൻ എംഎൽഎയും സംഘവും നിർദിഷ്ട കല്ലാച്ചേരിക്കടവ് പാലംപദ്ധതി പ്രദേശത്തെത്തിയപ്പോൾ


നാദാപുരം കോഴിക്കോട്–--കണ്ണൂർ ജില്ലകളെ ബന്ധിപ്പിച്ച്  മയ്യഴി പുഴയ്ക്ക് കുറുകെ കല്ലാച്ചേരിക്കടവിൽ പാലം നിർമിക്കാൻ സർവേ തുടങ്ങി. പ്രദേശവാസികൾ  ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാലമാണിത്. സർവേയുമായി ബന്ധപ്പെട്ട്‌  കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കണ്ണൂർ ജില്ലയുടെ ഭാഗത്തുള്ള കടവ് പരിസരത്തെത്തി. അനുബന്ധ റോഡ്‌ നിർമാണമാണ് ഇവിടുത്തെ പ്രധാന പ്രശ്നം.  റോഡ് കടന്നുപോകുന്ന സ്ഥലം, ഉടമകളുടെ സാന്നിധ്യത്തിൽ അടയാളപ്പെടുത്തി. എത്ര സ്ഥലം വിട്ടുനൽകേണ്ടിവരും എന്നതിൽ ചിലർക്ക് ആശങ്കയുണ്ട്‌. സ്ഥലം ലഭിച്ചാലുടൻ പാലം നിർമാണം തുടങ്ങും.
 തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ ചില ഭാഗങ്ങളിലുണ്ടായ  എതിർപ്പാണ്‌  പണി അനന്തമായി നീളാൻ കാരണമായത്‌.   ബജറ്റിൽ 10.14 കോടി രൂപ അനുവദിച്ചിരുന്നു.  പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങി. ചിലർ തടസ്സം ഉന്നയിച്ചതോടെ തുടർ പ്രവർത്തനം നിലച്ചു. പാലം യാഥാർഥ്യമാക്കുന്നതിനിപ്പോൾ ജനകീയ ഇടപെടൽ ശക്തമാണ്‌.   സർവേ വേഗം പൂർത്തിയായാൽ സ്ഥലം നൽകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലുണ്ട്. ഇതിനായി  സ്ഥലമുടമകളുടെ യോഗം വിളിക്കും. കടവത്തൂർ ഇരഞ്ഞീൻ കീഴിൽ -കല്ലാച്ചേരി കടവ് റോഡ് വികസനത്തിനാവും തുടർന്നുള്ള പരിഗണന. കെആർഎഫ്ബി എക്സി. എൻജിനിയർ ഷിബു കൃഷ്ണരാജ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ തങ്കമണി, ബ്ലോക്ക് പഞ്ചായത്തംഗം പി കെ അലി, തെക്കയിൽ സെഖീന, പാലം വിഭാഗം അസി. എക്സി. എൻജിനിയർ കെ സജിത്ത് എന്നിവരുമുണ്ടായി. Read on deshabhimani.com

Related News