കെഎസ്എഫ്ഇ വായ്‌പാ തട്ടിപ്പ്‌; 3 പേർകൂടി അറസ്‌റ്റിൽ



കോഴിക്കോട്‌ കെഎസ്എഫ്ഇ കല്ലായി ബ്രാഞ്ച് ശാഖയിൽനിന്ന്‌ വ്യാജ രേഖ നൽകി വായ്‌പ തട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. മെഡിക്കൽ കോളേജ്‌ കിഴക്കെചാലിൽ ടി കെ ഷാഹിദ (48), ആയഞ്ചേരി പൊന്മേരിപറമ്പിൽ മംഗലാട്‌ കളമുള്ളത്തിൽ വീട്ടിൽ പോക്കർ (അബൂബക്കർ–-59), ബാലുശേരി കിനാലൂർ കൊല്ലരുകണ്ടിപൊയിൽ കെ പി മുസ്തഫ (54) എന്നിവരെയാണ് കസബ എസ്‌ഐ വി പി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.  കെഎസ്എഫ്‌ഇ കല്ലായി ശാഖയിൽനിന്ന്‌ ഷാഹിദയുടെ മകൻ അൽഹാഷിം മൂന്നു ലക്ഷം രൂപയുടെ ചിട്ടി വിളിച്ചിരുന്നു. ഇതിന്‌ ഈടായി ജമീല എന്ന സ്‌ത്രീയുടെ പേരിലുള്ള ഭൂമിയുടെ ആധാരമാണ്‌ സമർപ്പിച്ചത്‌. കെ പി മുസ്‌തഫയാണ്‌ സ്‌ത്രീയെ കബളിപ്പിച്ച്‌ യഥാർഥ ആധാരം കൈക്കലാക്കിയത്‌. വ്യാജ സ്‌കെച്ചും പ്ലാനും നിർമിച്ച്‌ മറ്റൊരു ഭൂമി കാണിച്ച്‌ വായ്‌പ തട്ടാനായിരുന്നു നീക്കം. ഭൂമി പരിശോധനക്കെത്തിയ കെഎസ്‌എഫ്‌ഇ മാനേജർ വിനോദ്‌ കുമാറിന്‌ രേഖകളിൽ സംശയം തോന്നി ബാലുശേരി, നന്മണ്ട വില്ലേജുകൾക്ക്‌ കൈമാറി. വില്ലേജ്‌ രേഖകൾ പരിശോധിച്ചതിലാണ്‌ രേഖകൾ കൃത്രിമമായി നിർമിച്ചതാണെന്ന്‌ കണ്ടെത്തിയത്‌.   കേസിൽ നേരത്തെ കൊയിലാണ്ടി റിട്ട. തഹസിൽദാറായ പയ്യോളി സ്വദേശി കെ പ്രദീപ് ഉൾപ്പെടെ നാലുപേർ അറസ്‌റ്റിലായിരുന്നു. സംഘത്തിൽ എഎസ്ഐ സുരേഷ്‌, ലീന, സിപിഒമാരായ ഷജൽ, സുനിൽ എന്നിവരും ഉണ്ടായിരുന്നു. Read on deshabhimani.com

Related News