കാഴ്‌ചകളിലേക്ക്‌ തുഴയാം, നെല്യാടിപ്പുഴയിലൂടെ

നെല്ല്യാടിപ്പുഴ ടൂറിസം പദ്ധതിക്കായി സ്ഥാപിച്ച ശിക്കാര വള്ളങ്ങളുടെ 
ലാൻഡിങ് സ്‌റ്റേജ്


കൊയിലാണ്ടി  നിശ്ചല തടാകം കണക്കെ പരന്നുകിടക്കുന്ന നെല്യാടി പുഴ സഞ്ചാരികൾക്ക്‌ എന്നും ആനന്ദക്കാഴ്‌ചയാണ്‌. പുഴയുടെ അഴക് നുകരാനെത്തുന്നവർക്കായി കൊയിലാണ്ടി നഗരകവാടമായ ഇവിടെ ഒരുങ്ങുന്നത്‌ വിപുലമായ പദ്ധതിയാണ്‌.  പെഡൽ ബോട്ടിങ്, കയാക്കിങ്, കനോയിങ്, സ്പീഡ് ബോട്ട് യാത്ര, ശിക്കാര ബോട്ടിങ്  തുടങ്ങിയ ജലവിനോദങ്ങളാണ് തയ്യാറാകുന്നത്. ചായക്കട, ഫ്ലോട്ടിങ് റെസ്‌റ്റോറന്റ്, കാൻഡിൽ ലൈറ്റ് ഡിന്നർ തുടങ്ങിയവയും  സജ്ജമാക്കും. കുട്ടികളുടെ പാർക്ക്, കഫ്‌റ്റീരിയ, നാടൻ വിഭവങ്ങളുടെ റെസ്‌റ്റോറന്റ് എന്നിവയുമുണ്ടാകും. ശിക്കാര വഞ്ചിയിൽ പുഴയിലൂടെയുള്ള സഞ്ചാരത്തിൽ കരകളിലെ  കണ്ടൽക്കാടുകളും ദേശാടനപക്ഷികളുടെ ആവാസ സങ്കേതവും മലനിരകളും കാണാം.    ചെങ്ങോട്ടുകാവ് –-- നന്തി ബൈപാസ് പൂർത്തിയാകുന്നതോടെ ഇവിടേക്കുള്ള യാത്ര സുഗമമാവും.   നഗരസഭ  ആവിഷ്കരിച്ച പദ്ധതിക്ക്‌  കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ  പിന്തുണയുമായുണ്ട്‌.  സംസ്ഥാന സർക്കാർ  ബജറ്റിൽ രണ്ടുകോടിരൂപ നെല്യാടി ടൂറിസം വികസനത്തിന് വകയിരുത്തി. മുൻ എംഎൽഎ കെ ദാസൻ പ്രസിഡന്റും  ദയാനന്ദൻ സെക്രട്ടറിയും  നഗരസഭാ കൗൺസിലർ  രമേശൻ വലിയാട്ടിൽ ട്രഷററുമായ കമ്മിറ്റിയാണ്  നേതൃത്വംനൽകുന്നത്.  Read on deshabhimani.com

Related News